ലോക്‌സഭാ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ്-ഇടതു സഖ്യം

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില് തമിഴ്നാട്ടില് ഡിഎംകെ-കോണ്ഗ്രസ്-ഇടതുപക്ഷ സഖ്യം മത്സരിക്കും. സീറ്റു വിഭജനം പൂര്ത്തിയായി. 10 സീറ്റുകളില് കോണ്ഗ്രസ് മത്സരിക്കും. പുതുച്ചേരിയിലെ ഒരു സീറ്റ് ഉള്പ്പെടെയാണ് ഇത്. സിപഎം, സിപിഐ, വിസികെ എന്നീ പാര്ട്ടികള് രണ്ടു വീതം സീറ്റുകളിലും മത്സരിക്കും. എം.ഡി.എം.കെ, മുസ്ലീം ലീഗ്, ജനനായക കക്ഷി, കൊങ്ങ് നാട് മക്കള് കക്ഷി എന്നീ പാര്ട്ടികള് ഓരോ സീറ്റിലും മത്സരിക്കും.
2004ലും 2009ലും കോണ്‍ഗ്രസ് ഡിഎംകെ സഖ്യമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2014ല്‍ സഖ്യം വേണ്ടെന്നു വെച്ച കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. എഐഎഡിഎംകെ-ബിജെപിയുമായി സഖ്യം സ്ഥാപിക്കുകയും അഞ്ചു മണ്ഡലങ്ങളില്‍ ബിജെപി മത്സരിക്കാന്‍ ഒരുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നീക്കം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഈ സഖ്യങ്ങള്‍ തന്നെയായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക.
പിഎംകെയും എഐഎഡിഎംകെ സഖ്യത്തില്‍ പങ്കാളിയാണ്. 21 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും തമിഴ്‌നാട്ടില്‍ നടക്കുന്നുണ്ട്. ഇതിലും എഐഎഡിഎംകെ ബിജെപിക്ക് പിന്തുണ നല്‍കും.