തമിഴ്‌നാട്ടില്‍ വന്‍ മുന്നേറ്റം നടത്തി ഡിഎംകെ; എഐഎഡിഎംകെയ്ക്ക് തിരിച്ചടി

തമിഴ്നാട്ടില് വന് മുന്നേറ്റം നടത്തി ഡിഎംകെ. 2014 ലോക്സഭാ തെരഞ്ഞെടുപ്പില് പൂര്ണ്ണമായും തൂത്തെറിയപ്പെട്ട ഡിഎംകെ വലിയ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
 | 
തമിഴ്‌നാട്ടില്‍ വന്‍ മുന്നേറ്റം നടത്തി ഡിഎംകെ; എഐഎഡിഎംകെയ്ക്ക് തിരിച്ചടി

ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ മുന്നേറ്റം നടത്തി ഡിഎംകെ. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായും തൂത്തെറിയപ്പെട്ട ഡിഎംകെ വലിയ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 23 സീറ്റുകളിലാണ് ഡിഎംകെ ലീഡ് ചെയ്യുന്നത്. അതേസമയം തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് രണ്ടു സീറ്റുകളില്‍ മാത്രമേ ലീഡുള്ളു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ 37 അംഗങ്ങളുണ്ടായിരുന്ന എഐഎഡിഎംകെ ലോക്‌സഭയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ദ്രാവിഡ കക്ഷി നേതാക്കളായ ജയലളിതയും കരുണാനിധിയുമില്ലാത്ത തെരഞ്ഞെടുപ്പില്‍ കരുണാനിധിയുടെ മകനായ എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ നേട്ടമുണ്ടാക്കാനായത് ഡിഎംകെയ്ക്ക് മാത്രമാണ്. കോണ്‍ഗ്രസ് എട്ടു മണ്ഡലങ്ങളില്‍ മുന്നേറ്റം നടത്തുന്നു.

2014ല്‍ കന്യാകുമാരി മണ്ഡലത്തില്‍ നിന്ന് വിജയിച്ച് മന്ത്രിയായ പൊന്‍ രാധാകൃഷ്ണനും ഇത്തവണ പരാജയത്തിലേക്ക് നീങ്ങുകയാണ്. അതേസമയം സിപിഐയും സിപിഎമ്മും രണ്ടു സീറ്റുകളില്‍ വീതം മുന്നേറുകയാണ്. കഴിഞ്ഞ തവണ ഒരു സീറ്റില്‍ വിജയിച്ച പാട്ടാളി മക്കള്‍ കക്ഷി ഇത്തവണയും ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.

തമിഴ്‌നാട്ടിലെ 22 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ എഐഎഡിഎംകെ വിജയത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാന ഭരണത്തിലുണ്ടായ പ്രതിസന്ധി ഇതിലൂടെ എഐഎഡിഎംകെയ്ക്ക് ഒഴിവാക്കാം. ഇത്തവണ ബിജെപി സഖ്യകക്ഷിയായാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്.