ചുരിദാറിനൊപ്പം ഷാള്‍ നിര്‍ബന്ധം; തമിഴ്‌നാട് സെക്രട്ടറിയേറ്റ് ജീവനക്കാര്ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തി. ഇതനുസരിച്ച് സ്ത്രീകള്‍ക്ക് ചുരിദാറിനൊപ്പം ഷാള്‍ നിര്‍ബന്ധമാക്കി. സാരി, സല്‍വാര്‍ കമ്മീസ് തുടങ്ങിയവ ധരിക്കാമെന്നും ഇതു സംബന്ധിച്ചുള്ള ഉത്തരവില്‍ പറയുന്നു. ഇവ ഇളം നിറത്തിലുള്ളതായിരിക്കണം.
പുരുഷന്‍മാര്‍ക്ക് തമിഴ് സംസ്‌കാരം എടുത്തു കാണിക്കുന്ന വസ്ത്രങ്ങളോ ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങളോ ആണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഫോര്‍മല്‍ പാന്റ്‌സ്, ഷര്‍ട്ട് എന്നിവയ്‌ക്കൊപ്പം മുണ്ട് ഉപയോഗിക്കുന്നതിനും തടസമില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും മാന്യമായ വസ്ത്രധാരണം ഉറപ്പു വരുത്തുന്നതിനാണ് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിശദീകരണം.
കോടതികളിലും ട്രൈബ്യൂണലുകളിലും ഹാജരാകുന്ന പുരുഷന്‍മാരായ ഉദ്യോഗസ്ഥര്‍ക്ക് കോട്ട് നിര്‍ബന്ധമാക്കി. തുറന്ന കോട്ടാണെങ്കില്‍ ടൈ ധരിക്കണം. പാന്റ്‌സിനൊപ്പം ഫുള്‍കൈ ഷര്‍ട്ടും കോട്ടുമാണ് വേഷം. വനിതാ ജീവനക്കാര്‍ക്ക് സെക്രട്ടറിയേറ്റില്‍ നിര്‍ദേശിക്കപ്പെട്ട വസ്ത്രങ്ങള്‍ തന്നെ കോടതിയിലും ഉപയോഗിക്കാം.
ഇളം നിറത്തില്‍ മാന്യമായ ഡിസൈനുള്ള വസ്ത്രങ്ങളായിരിക്കണം ധരിക്കേണ്ടതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മെയ് 28നാണ് വസ്ത്രധാരണം സംബന്ധിച്ച് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.