മയക്കുമരുന്ന് കണ്ടെത്തിയത് ആര്യന്റെ ലെന്‍സ് കേസില്‍ നിന്ന്; നാലു വര്‍ഷമായി ഉപയോഗിക്കുന്നുണ്ടെന്ന് താരപുത്രന്‍
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത് ലെന്‍സ് കേസില്‍ നിന്ന്. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആര്യനൊപ്പം ഉണ്ടായിരുന്ന യുവതികളുടെ കൈവശമുണ്ടായിരുന്ന സാനിട്ടറി പാഡുകള്‍ക്ക് ഇടയില്‍ നിന്നും മരുന്ന് പെട്ടികളില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി. എംഡിഎംഐ, ചരസ്, കൊക്കെയിന്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. മയക്കുമരുന്നുകള്‍ ആവശ്യപ്പെടുന്ന വാട്‌സാപ്പ് ചാറ്റുകളും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം താന്‍ നാലു വര്‍ഷമായി ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആര്യന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് വിവിധ ലഹരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായും ആര്യന്‍ പറഞ്ഞതായി എന്‍സിബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിലാണ് ആര്യന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതിന് ആര്യന്‍ ഉള്‍പ്പെടെ 8 പേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. ആര്യന്റെ അടുത്ത സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടി മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാള്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കര്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.
ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ആര്യന്‍, അര്‍ബാസ്, മുണ്‍മുണ്‍ ധമേച്ച എന്നിവരെ തിങ്കളാഴ്ച വരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. തിങ്കളാഴ്ച പ്രതികളുടെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചേക്കും.