മോഡിക്കെതിരെ മത്സരിക്കുന്ന മുന്‍ ബിഎസ്എഫ് സൈനികന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

വാരാണസി മണ്ഡലത്തില് നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കുന്ന മുന് ബിഎസ്എഫ് സൈനികന് തേജ് ബഹാദൂര് യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്കി.
 | 
മോഡിക്കെതിരെ മത്സരിക്കുന്ന മുന്‍ ബിഎസ്എഫ് സൈനികന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

വാരാണസി: വാരാണസി മണ്ഡലത്തില്‍ നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കുന്ന മുന്‍ ബിഎസ്എഫ് സൈനികന്‍ തേജ് ബഹാദൂര്‍ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അഴിമതി, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറത്താക്കപ്പെട്ടവര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പ്രചാരണത്തില്‍ പങ്കെടുക്കാനോ കഴിയില്ലെന്ന് നിബന്ധന ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

തന്നെ സൈന്യത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്ന് ആദ്യം നല്‍കിയ പത്രകയില്‍ തേജ് ബഹാദൂര്‍ വ്യക്തമാക്കിയിരുന്നു. രണ്ടാമത് നല്‍കിയ പത്രികയില്‍ ഇക്കാര്യം ചേര്‍ത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും ഇയാളുടെ നാമനിര്‍ദേശ പത്രിക അംഗീകരിക്കുന്ന കാര്യത്തില്‍ കമ്മീഷന്‍ തീരുമാനമെടുക്കുക.

ബിഎസ്എഫ് ജവാന്‍മാര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ഫെയിസ്ബുക്ക് വീഡിയോയിലൂടെ വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്നാണ് തേജ് ബഹാദൂറിനെ പുറത്താക്കിയത്. വാരാണസി മണ്ഡലത്തില്‍ എസ്പി-ബിഎസ്പി സഖ്യമാണ് ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.