ബാലറ്റിലേക്ക് മടങ്ങില്ല; നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ബാലറ്റിലേക്ക് മടങ്ങില്ലെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചായിരിക്കും നടത്തുകയെന്ന് കമ്മീഷന് അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര് സുനില് അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടിംഗ് യന്ത്രങ്ങള് രണ്ടു പതിറ്റാണ്ടിലേറെയായി ഉപയോഗിച്ചു വരികയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ കാര്യക്ഷമതയ്ക്കും സുരക്ഷയ്ക്കും വോട്ടിംഗ് യന്ത്രങ്ങള് തന്നെയാണ് ഉതകുന്നത്. വോട്ടിംഗിന്റെയും വോട്ടെണ്ണലിന്റെയും കാലതാമസം ഒഴിവാക്കാനും ഇലക്ട്രോണിക് മെഷീനുകള് തന്നെയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ ഹാക്കറായ സയ്യിദ് ഷൂജ താന്‍ ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതോടെ വോട്ടിംഗ് മെഷീനുകള്‍ വീണ്ടും വിവാദത്തിലായിരുന്നു. ബിജെപി വിജയിച്ച പല തെരഞ്ഞെടുപ്പുകളിലും വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പുതിയ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്‌പോരിന് കാരണമാകുകയും പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി എസ്പി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തിയെന്ന ആരോപണങ്ങള്‍ എല്ലാം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു. തര്‍ക്കങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ അത് പരിശോധിക്കാമെന്നാണ് കമ്മീഷന്‍ നിലപാട്. മെഷീന്‍ ഹാക്ക് ചെയ്തു എന്ന് വെളിപ്പെടുത്തിയ സയ്യിദ് ഷൂജക്കെതിരെ ഡല്‍ഹി പോലീസിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയിരുന്നു.