ഊര്‍ജിത് പട്ടേലിനു പിന്നാലെ കൂടുതല്‍ പേര്‍; സാമ്പത്തിക വിദഗ്ദ്ധന്‍ സുര്‍ജിത്ത് ഭല്ല പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തികോപദേശ സമിതിയില് നിന്ന് സാമ്പത്തിക ശാസ്ത്രജ്ഞന് സുര്ജിത്ത് ഭല്ല രാജിവെച്ചു. കഴിഞ്ഞ വര്ഷം രൂപീകരിച്ച സമിതിയില് പാര്ട് ടൈം അംഗമായിരുന്നു അദ്ദേഹം. കൗണ്സിലില് നിന്ന് ഡിസംബര് ഒന്നാം തിയതി രാജിവെച്ചെന്ന് അദ്ദേഹം ട്വിറ്റര് സന്ദേശത്തില് അറിയിച്ചു. ഇന്ത്യന് എക്സ്പ്രസില് എഴുതുന്ന കോളത്തിലും ഇക്കാര്യം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. റിസര്വ് ബാങ്ക് ഗവര്ണര് ഊര്ജിത് പട്ടേല് കഴിഞ്ഞ ദിവസം രാജി നല്‍കിയിരുന്നു.
രാജി സ്വീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. മോഡി സര്‍ക്കാരിന് അനുകൂലമായി കോളത്തില്‍ എഴുതിയിരുന്ന ഭല്ല ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് അവതരിപ്പിക്കുന്ന കണക്കുകളില്‍ നീതി ആയോഗിന്റെ ഇടപെടലുകള്‍ അനാവശ്യമാണെന്ന് അവസാനമെഴുതിയ ലേഖനത്തില്‍ പറയുന്നു. ഇത് അനുചിതമാണെന്നാണ് തനിക്കും മറ്റ് അംഗങ്ങള്‍ക്കുമുള്ള അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
2006-2012 കാലയളവിലെ ജിഡിപി വിവരങ്ങള്‍ പുനരവലോകനം നടത്തി നവംബര്‍ 28ന് പ്രസിദ്ധീകരിച്ച സംഭവമാണ് ഭല്ല പരാമര്‍ശിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്തെ വിവരങ്ങളാണ് പുനരവലോകനം നടത്തി നീതി ആയോഗും സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസും പ്രസിദ്ധീകരിച്ചത്.