പി. ചിദംബരത്തിന്റെ മകന് കാര്ത്തി ചിദംബരത്തിന്റെ സ്വത്തുക്കള് കണ്ടുകെട്ടി
ന്യൂഡല്‍ഹി: പി.ചിദംബരത്തിന്റെ മകന് കാര്ത്തി ചിദംബരത്തിന്റെ സ്വത്തുക്കള് കണ്ടുകെട്ടി. എന്ഫോഴ്സ്മെന്റാണ് ഐഎന്എക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കാര്ത്തിയുടെ സ്വത്തുക്കള് കണ്ടുകെട്ടിയത്. ഇന്ത്യയിലും വിദേശത്തുമായുള്ള ആസ്തികളും ബാങ്ക് നിക്ഷേപങ്ങളും അടക്കം 54 കോടിയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.
ന്യൂഡല്‍ഹി ജോര്‍ ബാഗിലെയും, ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലെ ബംഗ്ലാവുകളും യുകെയിലെ വസതി, ബാഴ്സലോണയിലെ വസ്തുക്കള്‍ എന്നിവയെല്ലാം കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ചെന്നൈയിലെ ബാങ്കില്‍ കാര്‍ത്തിയുടെ പേരിലുണ്ടായിരുന്ന 90 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കണ്ടുകെട്ടിയിട്ടുണ്ട്.
ഐഎന്‍എക്‌സ് എന്ന മാധ്യമ സ്ഥാപനം 2007ല്‍ 305 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിച്ചത് വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന കേസിലാണ് നടപടി. പി.ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് ഇടപാട് നടന്നത്. കാര്‍ത്തി ചിദംബരം ഈ ഇടപാടില്‍ വഴിവിട്ടു സഹായിച്ചെന്നും കമ്മീഷന്‍ വാങ്ങിയെന്നുമാണ് ആരോപണം.