നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ്; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത; യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് കമ്മീഷണര്‍ അശോക് ലവസ
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതികളില് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ക്ലീന് ചിറ്റ് നല്കിയതു സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷനില് ഭിന്നത. കമ്മീഷന്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കമ്മീഷണര്‍മാരിലൊരാളായ അശോക് ലവസ വ്യക്തമാക്കി. തന്റെ അഭിപ്രായങ്ങള്‍ മാനിക്കുന്നില്ലെന്നാണ് ലവസയുടെ പരാതി. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികളില്‍ ആറെണ്ണത്തിലാണ് കമ്മീഷന്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.
കമ്മീഷനില്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായം ഉണ്ടാകാത്തതിനാല്‍ ഭൂരിപക്ഷ തീരുമാനമാണ് പ്രഖ്യാപിച്ചത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ അശോക് ലവസ, സുശീല്‍ ചന്ദ്ര എന്നിവരടങ്ങുന്നതാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍.
താന്‍ ഉന്നയിച്ച വിയോജിപ്പ് രേഖപ്പെടുത്താത്തതിനെത്തുടര്‍ന്നാണ് ലവസ യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മെയ് നാലിന് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്.