10 വർഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിൽ, നരേന്ദ്ര മോദി അടുത്തയാഴ്ചയെത്തും
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജമ്മു കാശ്മീരിലേക്ക്. രാഹുൽ ഗാന്ധി ഇന്ന് രണ്ട് റാലികളിൽ പങ്കെടുക്കും. നരേന്ദ്ര മോദി അടുത്ത ആഴ്ച മൂന്ന് തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. ഭീകരാക്രമണം പതിവായ ജമ്മുവിലെ ദോഡയിലും പ്രധാനമന്ത്രി എത്തും. 90 അംഗ നിമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബർ 18, സെപ്തംബർ 25, ഒക്ടോബർ 1 തിയ്യതികളിലാണ് വോട്ടെടുപ്പ്.
10 വർഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടികൾ വീറോടെ വാശിയോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുകയാണ്. ജമ്മുവിൽ രണ്ട് റാലികളിലും കശ്മീരിൽ ഒരു റാലിയിലുമാണ് പ്രധാനമന്ത്രി അടുത്തയാഴ്ച പങ്കെടുക്കുക. ജമ്മുവിൽ നില ഭദ്രമാണെന്നും കശ്മീരിലാണ് ആശങ്കയെന്നുമാണ് ബിജെപിക്കുള്ളിലെ വിലയിരുത്തൽ. അതിനാൽ ചെറിയ പാർട്ടുകളെ ഒപ്പം കൂട്ടാനുള്ള നീക്കം നടക്കുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ജമ്മുവിലെ രണ്ട് സീറ്റിലും ബിജെപി വിജയിച്ചിരുന്നു.
റംബാൻ, അനന്ത്നാഗ് ജില്ലകളിൽ രാഹുൽ ഗാന്ധിയുടെ രണ്ട് മെഗാ പൊതു റാലികളോടെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. സെപ്തംബർ 18ന് നടക്കുന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്കായുള്ള പ്രചാരണത്തിനായാണ് രാഹുൽ എത്തുന്നത്.
ജമ്മുവിലെത്തുന്ന രാഹുൽ ഗാന്ധി ആദ്യം പ്രചാരണം നടത്തുക ബനിഹാൽ മണ്ഡലത്തിൽ മത്സരിക്കുന്ന വികാർ റസൂൽ വാനിക്ക് വേണ്ടിയാണെന്ന് ജമ്മു കശ്മീരിലെ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് പറഞ്ഞു. അതിനുശേഷം അനന്ത്നാഗ് ജില്ലയിലെ ദൂരുവിലേക്ക് പോകും. അവിടെ ദൂരു നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിറിന് വോട്ടുതേടി റാലിയെ അഭിസംബോധന ചെയ്യും. ശ്രീനഗറിൽ നിന്ന് രാഹുൽ ഗാന്ധി വൈകിട്ട് ദില്ലിയിലേക്ക് മടങ്ങും. രാഹുലിന്‍റെ വരവ് പ്രചാരണത്തിന് ഊർജ്ജം നൽകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. പ്രിയങ്ക ഗാന്ധിയും വരും ദിവസങ്ങളിൽ ജമ്മു കശ്മീരിലെത്തും.