പാക്കറ്റ് ഉപ്പില്‍ സയനൈഡെന്ന പ്രചാരണത്തിനു പിന്നിലെ വാസ്തവം പൊളിച്ച് സോഷ്യല്‍ മീഡിയ; വാര്‍ത്തയ്ക്കു പിന്നില്‍ ഉപ്പു വ്യവസായി

ചില ബ്രാന്ഡിലുള്ള പാക്കറ്റ് ഉപ്പുകളില് ക്യാന്സറിന് കാരണമാകുന്ന രാസവസ്തു അപകടകരമായ തോതില് അടങ്ങിയിട്ടുണ്ടെന്ന പ്രചാരണം പൊളിച്ചടുക്കി സോഷ്യല് മീഡിയ.
 | 
പാക്കറ്റ് ഉപ്പില്‍ സയനൈഡെന്ന പ്രചാരണത്തിനു പിന്നിലെ വാസ്തവം പൊളിച്ച് സോഷ്യല്‍ മീഡിയ; വാര്‍ത്തയ്ക്കു പിന്നില്‍ ഉപ്പു വ്യവസായി

ചില ബ്രാന്‍ഡിലുള്ള പാക്കറ്റ് ഉപ്പുകളില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തു അപകടകരമായ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന പ്രചാരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. ഉപ്പ് കട്ടപിടിക്കാതിരിക്കാന്‍ ചേര്‍ക്കുന്ന പൊട്ടാസ്യം ഫെറോസയനൈഡ് എന്ന രാസവസ്തു അമിതമായ അളവിലാണ് രാജ്യത്ത് ലഭിക്കുന്ന ചില ബ്രാന്‍ഡ് ഉപ്പുകളിലുള്ളതെന്ന് അമേരിക്കയിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായെന്ന് സിഎന്‍ബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ശിവശങ്കര്‍ ഗുപ്ത എന്ന വ്യവസായിയെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത. അമേരിക്കന്‍ വെസ്റ്റ് അനലിറ്റിക്കല്‍ ലബോറട്ടറീസില്‍ നടത്തിയ പരിശോധനയില്‍ സാംഭര്‍ റിഫൈന്‍ഡ് സാള്‍ട്ട് എന്ന ബ്രാന്‍ഡില്‍ 4.71 മില്ലിഗ്രാമും ടാറ്റ ഉപ്പില്‍ 1.85 മില്ലിഗ്രാമും ടാറ്റ് സാള്‍ട്ട് ലൈറ്റില്‍ 1.90 മില്ലിഗ്രാമും പൊട്ടാസ്യം ഫെറോസയനൈഡ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയെന്ന് ഇദ്ദേഹം അറിയിച്ചുവെന്നായിരുന്നു വാര്‍ത്ത.

ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത പ്രാദേശിക മാധ്യമങ്ങളും ഏറ്റുപിടിച്ചു. അതീവ മാരക വിഷമായ സയനൈഡിന്റെ ഘടകങ്ങള്‍ രാജ്യത്തെ ഉപ്പു വ്യവസായത്തില്‍ വ്യാപകമായി ഉപയോഗിക്കുകയാണെന്നാണ് ഇയാള്‍ ആരോപിച്ചത്. ഉപ്പില്‍ സ്വാഭാവികമായി അയഡിന്‍ അടങ്ങിയിട്ടുണ്ട്. ഇതിലേക്ക് വീണ്ടും അയഡിന്‍ ചേര്‍ക്കുന്നത് ഉപ്പിനെ വിഷമയമാക്കുകയാണെന്നും ശിവ്ശങ്കര്‍ ഗുപ്ത പറഞ്ഞിരുന്നു. ഗോധം ഗ്രെയിന്‍സ് ആന്‍ഡ് ഫാം പ്രോഡക്ട്‌സിന്റെ ചെയര്‍മാനാണ് ഇദ്ദേഹമെന്നും വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് വ്യാപകമായ സോഷ്യല്‍ മീഡിയ പ്രചരണമാണ് പിന്നീട് നടന്നത്.

ഉപ്പിനുള്ളില്‍ മാരകമായ വിഷം അടങ്ങിയിട്ടുണ്ടെന്നും സ്ഥിരം ഉപയോഗിച്ചാല്‍ ക്യാന്‍സറിനു കാരണമാകുമെന്നും വാട്‌സാപ്പ് ഫോര്‍വേര്‍ഡുകള്‍ വിവിധ ഭാഷകളില്‍ കറങ്ങി നടന്നു. എന്നാല്‍ പിന്നീടാണ് ഈ വാര്‍ത്തയ്ക്കു പിന്നിലെ വാസ്തവം സോഷ്യല്‍ മീഡിയയ്ക്കു മുന്നിലെത്തിയത്. ടാറ്റ തങ്ങളുടെ ഉപ്പില്‍ മാരകമായ വിഷാംശമൊന്നും ഇല്ലെന്ന വിശദീകരണവുമായി രംഗത്തെത്തുകയും ദേശീയ മാധ്യമങ്ങളില്‍ അതു വാര്‍ത്തയാകുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് വാര്‍ത്ത നല്‍കിയ ‘ആക്ടിവിസ്റ്റിനെ’ ചിലര്‍ തിരഞ്ഞത്.

ഇയാളുടെ ഉടമസ്ഥതയിലുള്ള ഗോധം ഗ്രേയിന്‍സിന് പാനേഷ്യ എന്ന ബ്രാന്‍ഡില്‍ ഉപ്പ് ബ്രാന്‍ഡ് സ്വന്തമായുണ്ടെന്ന് അവര്‍ കണ്ടെത്തി. പ്രകൃതി ലേബലില്‍ മാര്‍ക്കറ്റില്‍ എത്തിച്ചിരിക്കുന്ന ഉപ്പാണ് ഇത്. സാംഭര്‍ തടാകത്തില്‍ നിന്ന് ‘പ്രകൃതിക്ക് ഇണങ്ങിയ’ രീതിയില്‍ നിര്‍മിച്ചെടുക്കുന്നുവെന്ന് അവകാശപ്പെടുന്ന ഈ ഉല്‍പന്നത്തിന്റെ മാര്‍ക്കറ്റിംഗായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടതെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. വാട്‌സാപ്പ് കേശവന്‍ മാമന്‍മാരെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കുകയായിരുന്നു തന്ത്രമെന്നും ഇവര്‍ വിശദീകരിക്കുന്നു.

പൊട്ടാസ്യം ഫെറോസയനൈഡിന്റെ വിഷാംശത്തെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ഈ വിഷയത്തില്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഉപ്പ് കട്ടപിടിക്കാതിരിക്കാന്‍ ചേര്‍ക്കുന്ന ഈ വസ്തു ശരീരത്തിന് ദോഷകരമല്ലെന്ന് എഫ്എഫ്എസ്എഐ ട്വീറ്റില്‍ വ്യക്തമാക്കി. അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്ന 10 മില്ലിഗ്രാം പരിധിക്കുള്ളിലാണ് ഉപ്പില്‍ ഇത് അടങ്ങിയിരിക്കുന്നതെന്നും 14 മില്ലിഗ്രാം വരെ ആകാമെന്ന് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പറയുന്നുണ്ടെന്നും ട്വീറ്റില്‍ അതോറിറ്റി വിശദീകരിച്ചു.