വികസനം കാട്ടാന്‍ അമേരിക്കയിലെ ഫാക്ടറി, കൊല്‍ക്കത്തയിലെ ഫ്‌ളൈഓവര്‍; യോഗി സര്‍ക്കാരിന്റെ പരസ്യം വിവാദത്തില്‍

 | 
Yogi
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വികസന പദ്ധതികളെന്ന പേരില്‍ കൊല്‍ക്കത്തയിലെയും അമേരിക്കയിലെയും ചിത്രങ്ങള്‍ നല്‍കിയ പരസ്യം വിവാദത്തില്‍

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വികസന പദ്ധതികളെന്ന പേരില്‍ കൊല്‍ക്കത്തയിലെയും അമേരിക്കയിലെയും ചിത്രങ്ങള്‍ നല്‍കിയ പരസ്യം വിവാദത്തില്‍. ഇന്നത്തെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തില്‍ കൊല്‍ക്കത്തയിലെ ഫ്‌ളൈ ഓവറിന്റെയും അമേരിക്കയിലെ ഫാക്ടറിയുടെയും ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ഫുള്‍ പേജ് പരസ്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

പരസ്യം വിവാദമായതിന് പിന്നാലെ മമതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണോ യോഗി യഥാര്‍ത്ഥ വികസനത്തെ കുറിച്ച് മനസിലാക്കിയതെന്ന പരിഹാസവുമായി ബംഗാള്‍ ഗതാഗതമന്ത്രി ഫിര്‍ഹാദ് ഹക്കീം രംഗത്തെത്തി.


കൊല്‍ക്കത്തയിലെ എംഎഎ ഫ്‌ലൈഓവര്‍, ഞങ്ങളുടെ ജെഡബ്ല്യു മാരിയറ്റ്, ഞങ്ങളുടെ മഞ്ഞ ടാക്‌സികള്‍ എന്നിവ യുപിയുടെ പരസ്യത്തില്‍! നിങ്ങളുടെ ആത്മാവിനെ മാറ്റുക അല്ലെങ്കില്‍ നിങ്ങളുടെ പരസ്യ ഏജന്‍സിയെ മാറ്റുക. നോയിഡയില്‍ എനിക്കെതിരെ എഫ്‌ഐആറുകള്‍ക്കായി കാത്തിരിക്കുന്നു എന്നായിരുന്നു മഹുവ മൊയ്ത്ര എംപി ട്വിറ്ററില്‍ പ്രതികരിച്ചത്. 


യുപിയുടെ പരിവര്‍ത്തനമെന്നത് ബംഗാളിലെ അടിസ്ഥാനസൗകര്യങ്ങളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് ഉപയോഗിക്കുന്നതാണെന്നാണ് ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ പരിഹാസം. ഇരട്ട എഞ്ചിന്‍ മോഡല്‍ പൂര്‍ണമായി തകര്‍ന്നു. ബിജെപിയുടെ ശക്തമായ സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമായെന്നും അഭിഷേക് ബാനര്‍ജി വിമര്‍ശിച്ചു.