പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ വ്യാജ വീഡിയോ പ്രചരണം; പോലീസ് അന്വേഷണം ആരംഭിച്ചു
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര് സിങ്ങിന്റേതെന്ന രീതിയില് വ്യാജ വീഡിയോ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു. അമരീന്ദര് സിങ്ങ് മദ്യപിച്ച് ബോധമില്ലാതെ ഇരിക്കുന്ന തരത്തിലുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്. ടിക് ടോക് ആപ്ലിക്കേഷന് വഴിയാണ് ഇത് നിര്മ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിനോട് സാമ്യമുള്ള ശബ്ദവുമായി വീഡിയോയില് ഉപയോഗിച്ചിരിക്കുന്നത്.
ഐടി ആക്ടിലെ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനോടപ്പം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. യൂത്ത് ഗ്രൂപ്പ് നഭസ് എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് വീഡിയോ ആദ്യം പ്രചരിക്കുന്നത്. അമരീന്ദര്‍ സിങിനെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് തന്നെയാണ് ഈ വീഡിയോ പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
ഹര്‍ഷ് സോഫറ്റ് (@harshsofat9) എന്ന വ്യാജ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വ്യാജ അക്കൗണ്ടിന് ഉടമയെ ഉടന്‍ കണ്ടെത്തുമെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ വൈറലായിരുന്നു. വ്യാജ വീഡിയോ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സൈബര്‍ സെല്‍ അറിയിച്ചിട്ടുണ്ട്.