ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനും കുടുംബവും കൊല്ലപ്പെട്ടു

ചെന്നൈ: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തമിഴ്നാട്ടില് മൂന്നു പേര് കൊല്ലപ്പെട്ടു. തമിഴ് വാര്‍ത്താ ചാനലായ ന്യൂസ് ജെ ടിവിയില്‍ റിപ്പോര്‍ട്ടറായ പ്രസന്ന (36), ഭാര്യ അര്‍ച്ചന (30), അമ്മ രേവതി (59) എന്നിവരാണ് കൊല്ലപ്പെട്ടത്. ഫ്രിഡ്ജിന്റെ കംപ്രസര്‍ വോള്‍ട്ടേജ് വ്യതിയാനത്തെത്തുടര്‍ന്ന് പൊട്ടിത്തെറിച്ചാണ് അപകടമെന്ന് കരുതുന്നു. ഫ്രിഡ്ജില്‍ നിന്ന് പുറത്തുവന്ന വാതകവും തീപ്പിടിത്തത്തിലുണ്ടായ പുകയും ശ്വസിച്ചതാണ് മരണ കാരണമെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. രാത്രി 2 മണിയോടെയായിരിക്കും അപകടമുണ്ടായതെന്നാണ് നിഗമനം.
രാവിലെ എത്തിയ ജോലിക്കാരി വിളിച്ചിട്ടും കതക് തുറക്കാത്തതിനെത്തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പോലീസും അഗ്നിശമന സേനയും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രസന്നയുടെയും അമ്മയുടെയും മൃതദേഹങ്ങള്‍ സ്വീകരണ മുറിയിലും അര്‍ച്ചനയുടെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. അപകടത്തിനു മറ്റു കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.