ഫോനി ഒഡിഷയില്‍ കരതൊട്ടു; പുരിയില്‍ കൊടുങ്കാറ്റ്; 12 ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു

ഒഡിഷയില് 15 ജില്ലകളിലായി 12 ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു. 13 ജില്ലകളില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
 | 
ഫോനി ഒഡിഷയില്‍ കരതൊട്ടു; പുരിയില്‍ കൊടുങ്കാറ്റ്; 12 ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡിഷയില്‍ കരതൊട്ടു. പുരി തീരത്താണ് ഫോനി ആഞ്ഞടിച്ചത്. മണിക്കൂറില്‍ 240 മുതല്‍ 245 കിലോമീറ്റര്‍ വരെ വേഗതയിലാണ് പുരിയില്‍ കാറ്റ് വീശിയത്. തിരമാലകള്‍ 9 മീറ്റര്‍ വരെ ഉയര്‍ന്നു. ഭുവനേശ്വറില്‍ 175 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശി. പശ്ചിമ ബംഗാള്‍ ഭാഗത്തേക്കാണ് ഫോനി നീങ്ങുന്നത്.

ഒഡിഷയിലും ആന്ധ്ര, ബംഗാള്‍ എന്നിവിടങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഒഡിഷയില്‍ 15 ജില്ലകളിലായി 12 ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു. 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും നീങ്ങുന്ന ഫോനി 90 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്.

വ്യാഴാഴ്ച രാത്രി മുതല്‍ 24 മണിക്കൂര്‍ വരെ ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളവും കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടു. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഒഡീഷയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഫോനി വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്.