അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് കള്ളം? താന്‍ വീട്ടുതടങ്കലിലെന്ന് ഫറൂഖ് അബ്ദുള്ള

തന്നെ വീട്ടുതടങ്കലിലാക്കിക്കൊണ്ട് ആഭ്യന്തരമന്ത്രിക്ക് എങ്ങനെയാണ് ഇത്തരത്തില് നുണ പറയാന് സാധിക്കുന്നതെന്ന് ഫറൂഖ് അബ്ദുള്ള
 | 
അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് കള്ളം? താന്‍ വീട്ടുതടങ്കലിലെന്ന് ഫറൂഖ് അബ്ദുള്ള

ന്യൂഡല്‍ഹി: താന്‍ വീട്ടുതടങ്കലിലാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും പാര്‍ലമെന്റ് അംഗവുമായ ഫറൂഖ് അബ്ദുള്ള. എന്നാല്‍ ഫറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുകയോ വീട്ടുതടങ്കില്‍ ആക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്‍സിപി നേതാവ് സുപ്രിയ സുലൈ ഫറൂഖ് അബ്ദുള്ളയുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോളായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്. അദ്ദേഹം സ്വന്തം താല്‍പര്യ പ്രകാരം വീട്ടില്‍ കഴിയുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്നെ വീട്ടുതടങ്കലിലാക്കിക്കൊണ്ട് ആഭ്യന്തരമന്ത്രിക്ക് എങ്ങനെയാണ് ഇത്തരത്തില്‍ നുണ പറയാന്‍ സാധിക്കുന്നതെന്ന് ഫറൂഖ് അബ്ദുള്ള ചോദിക്കുന്നു. എന്റെ സംസ്ഥാനം ചുട്ടെരിക്കുകയും നാട്ടുകാരെ ജയിലിലാക്കുകയും ചെയ്യുമ്പോള്‍ എനിക്ക് എങ്ങനെ വീട്ടിലിരിക്കാനാകും? ഞാന്‍ വിശ്വസിക്കുന്ന ഇന്ത്യ ഇങ്ങനെയല്ല. എന്നെ വീട്ടുതടങ്കലിലാക്കിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. പിന്നെ ആരാണ് എന്നെ തടങ്കലില്‍ വെക്കാന്‍ അധികാരം നല്‍കിയതെന്ന് ഫറൂഖ് അബ്ദുള്ള ചോദിക്കുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പായി ജമ്മു കാശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരടക്കം മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയിരുന്നു.