3000 എന്‍കൗണ്ടറുകള്‍, 78 പേരെ വധിച്ചു; യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ 16 മാസത്തെ കണക്കുകള്‍ ഇങ്ങനെ

ഉത്തര്പ്രദേശില് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്ക്കാര് 16 മാസം പൂര്ത്തിയാക്കുമ്പോള് ഏറ്റുമുട്ടലുകളിലൂടെ കൊല്ലപ്പെട്ട ക്രിമിനലുകളുടെ എണ്ണം 78 ആയി. 3000 എന്കൗണ്ടറുകളാണ് ഇക്കാലയളവില് പോലീസ് നടത്തിയത്. ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ 2017 മാര്ച്ചിനും 2018 ജൂലൈക്കും ഇടയിലുള്ള കണക്കാണ് ഇതെന്ന് ഡിജിപി ഓഫീസ് വൃത്തങ്ങള് അറിയിച്ചതായി ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്യുന്നു.
നാളെ റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ നേട്ടങ്ങളായി അവതരിപ്പിക്കുന്നവയില്‍ ക്രിമിനലുകളെ കൊലപ്പെടുത്തിയതും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് ചൂണ്ടിക്കാട്ടി എല്ലാ ജില്ലാ ഭരണകൂടങ്ങള്‍ക്കും സംസ്ഥാന ചീഫ് സെക്രട്ടറി അനൂപ് ചന്ദ്ര പാണ്ഡേ കത്തയച്ചു. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗം എന്ന നിലയിലാണ് കുറ്റവാളികളെ പിടികൂടാനുള്ള ക്യാംപെയിന്‍ ആരംഭിച്ചതെന്നും ഇതിന്റെ ഭാഗമായി 3026 ഏറ്റുമുട്ടലുകള്‍ നടന്നുവെന്നും കത്തില്‍ പറയുന്നു.
20158 ജൂലൈ വരെ 69 ക്രിമിനലുകളെ വെടിവെച്ചു കൊന്നു. 7043 പേര്‍ അറസ്റ്റിലായി. 838 പേര്‍ക്ക് പരിക്കുകളേറ്റു. 11981 ക്രിമിനലുകളുടെ ജാമ്യം റദ്ദാക്കിയെന്നും അവര്‍ കോടതികളില്‍ കീഴടങ്ങിയെന്നും കത്ത് പറയുന്നു. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് 9 പേരെ വധിച്ചിട്ടുണ്ട്. 139 പേരെ എസ്ടിഎഫ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷവും ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഭരണനേട്ടമായി യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ചീഫ് സെക്രട്ടറി അയച്ച കത്തില്‍ ആന്റി റോമിയോ സ്‌ക്വാഡ് പിടികൂടിയ ആളുകളെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം പക്ഷേ ആന്റി റോമിയോ സ്‌ക്വാഡിന്റെ വിവരങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്.