നിര്‍ണ്ണായക നീക്കം; ലീഡ് ചെയ്യുന്ന ബി.എസ്.പി സ്ഥാനാര്‍ത്ഥികളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് മായാവതി

ന്യൂഡല്‍ഹി: മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് ചെയ്യുന്ന ബി.എസ്.പി സ്ഥാനാര്ത്ഥികളെ മായാവതി ഡല്ഹിയിലേക്ക് വിളിപ്പിച്ചു. ഇരു സംസ്ഥാനങ്ങളിലും കോണ്ഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഥാനാര്ത്ഥികളെ വിളിപ്പിച്ചിരിക്കുന്നത്. അമിത് ഷായുടെ കുതിരക്കച്ചവട തന്ത്രങ്ങളില് നിന്ന് പാര്ട്ടി സ്ഥാനാര്ത്ഥികളെ സംരക്ഷിക്കുന്നതിനാണ് മായീവതിയുടെ നീക്കമെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. കര്ണാടകത്തിലെ തെരഞ്ഞെടുപ്പിന് സമാന ഫലമുണ്ടായാല് ബി.എസ്.പിയുടെ പിന്തുണ നിര്‍ണായകമാവും.
ബി.എസ്.പി സ്ഥാനാര്‍ത്ഥികളുമായി അടിയന്തര കൂടിക്കാഴ്ച്ച നടത്തിയ ശേഷമാവും പിന്തുണ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. എന്നാല്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് നേരത്തെ മായാവതി പ്രഖ്യാപിച്ചിരുന്നു. മായാവതിയുടെ നീക്കങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും. മധ്യപ്രദേശില്‍ കാര്യങ്ങള്‍ ഫോട്ടോഫിനിഷിംഗിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. അങ്ങനെ വന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും ബി.എസ്.പി സ്ഥാനാര്‍ത്ഥികളുടെയും തീരുമാനം നിര്‍ണായകമാവും.