രാജസ്ഥാനില്‍ കോണ്ഗ്രസിന് പിന്തുണയുമായി ബി.എസ്.പി; ബി.ജെ.പിക്ക് അധികാരം നഷ്ടമായേക്കും
ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്ഗ്രസിന് പിന്തുണയുമായി ബി.എസ്.പി. ബി.ജെ.പിയും കോണ്ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെക്കുന്ന രാജസ്ഥാനില് ബി.എസ്.പിയുടെ പിന്തുണ നിര്ണായക സ്വാധീനമുണ്ടാക്കും. കോണ്ഗ്രസ് 117, ബിജെപി 97, ബിഎസ്പി 10, മറ്റുള്ളവര് 6 എന്നിങ്ങനെയാണ് നിലവിലെ ലീഡ്. കേവല ഭൂരിപക്ഷത്തിന് 116 സീറ്റാണു വേണ്ടത്. അതേസമയം രാജസ്ഥാനില് രണ്ട് സീറ്റുകളില് സിപിഎം ലീഡ് ചെയ്യുന്നുണ്ട്. കേവല ഭൂരിപക്ഷത്തിലേക്ക് കോണ്ഗ്രസെത്തിയില്ലെങ്കില് സി.പി.എമ്മും പിന്തുണ നല്കുമെന്നാണ് സൂചന.
ബി.ജെ.പിക്കെതിരെ പ്രദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് നടത്തിയ നിര്‍ണായക നീക്കങ്ങള്‍ വിജയം കണ്ടതായാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. രാജസ്ഥാനിലെ പല സ്ഥലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമിഫൈനല്‍ എന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളിലെല്ലാം രാഹുല്‍ ഗാന്ധി തരംഗം സൃഷ്ടിക്കുകയാണ്.
അമിത് ഷായുടെ തന്ത്രങ്ങള്‍ പരാജയപ്പെടുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചിരിക്കുന്നത്. നേരത്തെ രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എക്‌സിറ്റ് പോളിന് സമാന ഫലം ഉണ്ടായില്ലെങ്കിലും മികച്ച മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ച്ചവെക്കുന്നത്. ഡണ്‍ഗാര്‍ഗഡില്‍ ഗിര്‍ധാരിലാലും ഭദ്രയില്‍ ബല്‍വാനും ലീഡ് നിലനിര്‍ത്തിയാല്‍ സിപിഎം ചരിത്ര വിജയത്തിലേക്കെത്തും.