ബസുകളിലും മെട്രോയിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര; പദ്ധതി പ്രഖ്യാപിച്ച് ഡല്ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മെട്രോ ട്രെയിനുകളിലും ബസുകളിലും സ്ത്രീകള്ക്ക് സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ച് ഡല്ഹി സര്‍ക്കാര്‍. മൂന്നു മാസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. പ്രതിവര്‍ഷം 700 കോടിയാണ് ഇതിന് ചെലവു പ്രതീക്ഷിക്കുന്നത്. സ്ത്രീസുരക്ഷ ഉറപ്പാക്കാനും ഉയര്‍ന്ന ടിക്കറ്റ് നിരക്കു മൂലം യാത്ര ചെയ്യാന്‍ കഴിയാത്തവരെ സഹായിക്കുകയുമാണ് ലക്ഷ്യം.
ഡിടിസി ക്ലസ്റ്റര്‍ ബസുകളിലും മെട്രോ ട്രെയിനുകളിലും ഇത് നടപ്പാക്കാനുള്ള പദ്ധതിയാണ് അവതരിപ്പിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ പഠനം നടത്തും. ജനങ്ങളില്‍ നിന്ന് അഭിപ്രായം ശേഖരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. യാത്രാ നിരക്ക് വഹിക്കാന്‍ കഴിയുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവര്‍ക്ക് ടിക്കറ്റെടുക്കാം, അത് മറ്റുള്ളവര്‍ക്ക് സബ്സിഡി നല്‍കുന്നതിന് സഹായകമാകുമെന്നും അത് തങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.