ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റിവെക്കാന്‍ കാരണം റോക്കറ്റിലെ ഇന്ധനച്ചോര്‍ച്ച? പുതിയ വിക്ഷേപണത്തിയതി നാളെ പ്രഖ്യാപിച്ചേക്കും

ചന്ദ്രയാന്-2 വിക്ഷേപണം മാറ്റിവെക്കാന് കാരണം ജിഎസ്എല്വി മാര്ക്ക് 3 റോക്കറ്റില് കണ്ടെത്തിയ ഇന്ധനച്ചോര്ച്ചയെന്ന് റിപ്പോര്ട്ട്.
 | 
ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റിവെക്കാന്‍ കാരണം റോക്കറ്റിലെ ഇന്ധനച്ചോര്‍ച്ച? പുതിയ വിക്ഷേപണത്തിയതി നാളെ പ്രഖ്യാപിച്ചേക്കും

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റിവെക്കാന്‍ കാരണം ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റില്‍ കണ്ടെത്തിയ ഇന്ധനച്ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ നടക്കാനിരുന്ന വിക്ഷേപണം കൗണ്ട് ഡൗണ്‍ കഴിയാന്‍ ഒരു മണിക്കൂര്‍ ശേഷിക്കേ റദ്ദാക്കുകയായിരുന്നു. സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിക്ഷേപണം മാറ്റിവെക്കുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചുവെങ്കിലും വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റോക്കറ്റിലെ ഇന്ധനച്ചോര്‍ച്ച മൂലമാണ് വിക്ഷേപണം മാറ്റിയതെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഹീലിയം ഇന്ധനം നിറയ്ക്കുമ്പോള്‍ മര്‍ദ്ദ വ്യതിയാനം ശ്രദ്ധയില്‍പ്പെട്ടു. ഇന്ധനച്ചോര്‍ച്ച മൂലമാണ് ഇപ്രകാരം സംഭവിക്കുക. ഒന്നിലേറെ ചോര്‍ച്ചകള്‍ ഉണ്ടായിരിക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും പേര് വെളിപ്പെടുത്താത്ത ശാസ്ത്രജ്ഞന്‍ വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഓട്ടോമാറ്റിക് വിക്ഷേപണ സംവിധാനത്തിലേക്ക് എത്തുന്നതിന് മുമ്പായി ഈ പിഴവ് കണ്ടെത്താനായത് ഭാഗ്യമാണെന്നും ഇല്ലായിരുന്നെങ്കില്‍ ചാന്ദ്ര പേടകമുള്‍പ്പെടെ എല്ലാം നഷ്ടമാകുമായിരുന്നുവെന്നും ശാസ്ത്രജന്‍ പറഞ്ഞു. ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടന്നു വരികയാണ്. ജൂലൈ അവസാനത്തോടെ ചന്ദ്രയാന്‍-2 വിക്ഷേപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതുക്കിയ വിക്ഷേപണത്തിയതി നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.