യുപിയില്‍ പോലീസുകാരനെ കല്ലെറിഞ്ഞ് കൊന്ന സംഭവം; പതിനൊന്ന് പ്രതികള്‍ പിടിയിലായി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പോലീസ് കോണ്സ്റ്റബിളിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില് പതിനൊന്ന് പ്രതികള് അറസ്റ്റിലായി. സംവരണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നിഷാദ് പാര്ട്ടിക്കാരാണ് പോലീസുകാരെ ആക്രമിച്ചത്. പോലീസുകാരെ പിന്തുടര്ന്ന് കല്ലെറിഞ്ഞ് അക്രമികളുടെ ദൃശ്യങ്ങള് നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങള് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത റാലിയിലെ സുരക്ഷ ജോലിക്ക് ശേഷം മടങ്ങവെയാണ് പോലീസിന് നേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. ഏഴ് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആള്‍ക്കൂട്ടത്തിന്റെ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ കോണ്‍സ്റ്റബിള്‍ സുരേഷ് വട്‌സ് ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരണപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമായിരിക്കുന്നത്.
32 പേരെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞു. ഇപ്പോള്‍ പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യു.പിയില്‍ ഈ മാസം ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് സുരേഷ് വട്‌സ്. ദിവസങ്ങള്‍ക്ക് മുന്‍പ് പശുവിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് ബുലന്ദ് ശഹറില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറായ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടിരുന്നു.