60,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു; അഞ്ച് പേര് അറസ്റ്റില്‍

കൊല്‍ക്കത്ത: 60,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റ സംഭവത്തില് അഞ്ച് പേര് അറസ്റ്റില്. ബംഗാളിലെ നോര്ത്ത് 24 പര്ഗാനയിലെ സ്വകാര്യ നഴ്സിങ് ഹോമില് കഴിയുന്ന 11 ദിവസം പ്രായമായ കുഞ്ഞിനെയാണ് അധികൃതര് വിറ്റത്. കുഞ്ഞിനെ വാങ്ങിയവര് ഉള്പ്പെടെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല് പേര് ഉടന് അറസ്റ്റിലാകുമെന്നാണ് പോലീസ് നല്കുന്ന സൂചന.
പര്‍ഗാനയിലെ സ്വകാര്യ നഴ്‌സിങ് ഹോം ഉടമസ്ഥന്‍, കെയര്‍ ടേക്കര്‍, സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വ്യാജ ഡോക്ടര്‍, കുഞ്ഞിനെ വാങ്ങിയ ദമ്പതികള്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച്ച കുഞ്ഞിനെ ചികിത്സിക്കാനായി ഹബ്ര ആശുപത്രിയില്‍ എത്തിയതോടെയാണ് വില്‍പ്പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്താവുന്നത്.
കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ മാതാപിതാക്കളോട് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത്തരമൊരു രേഖയോ വിവരങ്ങളോ ദമ്പതികളുടെ കൈയ്യിലുണ്ടായിരുന്നില്ല. അതോടെ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ദമ്പതിമാരെ ചോദ്യം ചെയ്തതോടെ കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയതാണെന്ന കാര്യം വെളിച്ചത്തായി. നഴ്‌സിങ് ഹോം അടച്ചുപൂട്ടാന്‍ പൊലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.