പെണ്‍കുട്ടികള്‍ 6.30ന് ശേഷം പുറത്തിറങ്ങരുത്; കൂട്ടബലാല്‍സംഗത്തിന് പിന്നാലെ വിവാദ നിര്‍ദേശവുമായി മൈസൂര്‍ യൂണിവേഴ്‌സിറ്റി

അതേസമയം ആണ്‍കുട്ടികള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളൊന്നും സര്‍വകലാശാല നല്‍കിയിട്ടില്ല.
 | 
UoM
വൈകിട്ട് 6.30ന് ശേഷം വിദ്യാര്‍ത്ഥിനികള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കി മൈസൂര്‍ സര്‍വകലാശാല.

വൈകിട്ട് 6.30ന് ശേഷം വിദ്യാര്‍ത്ഥിനികള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കി മൈസൂര്‍ സര്‍വകലാശാല. എംബിഎ വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് നിര്‍ദേശിച്ചത് അനുസരിച്ചാണ് സര്‍ക്കുലര്‍ എന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ശിവപ്പ പറഞ്ഞു. 6.30ന് ശേഷം ക്യാമ്പസില്‍ തനിയെ ഇറങ്ങി നടക്കരുത്, കുക്കരഹള്ളി തടാക പരിസരത്ത് 6.30ന് ശേഷം പോകരുത് തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. ഇത് ഉറപ്പാക്കുന്നതിനായി വൈകിട്ട് 6 മണി മുതല്‍ 9 വരെ ക്യാമ്പസില്‍ സെക്യൂരിറ്റി ജീവനക്കാര്‍ പരിശോധന നടത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ വിവാദമായിരിക്കുകയാണ്. അതേസമയം ആണ്‍കുട്ടികള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളൊന്നും സര്‍വകലാശാല നല്‍കിയിട്ടില്ല.

പെണ്‍കുട്ടിയും സുഹൃത്തും ആ സ്ഥലത്തു പോയതാണ് ബലാല്‍സംഗത്തിന് കാരണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് യൂണിവേഴ്‌സിറ്റി വിവാദ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ പിന്നീട് മന്ത്രി നടത്തിയ പരാമര്‍ശവും വിവാദമായി. കോണ്‍ഗ്രസ തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനായുള്ള ഈ ശ്രമം മനുഷ്യത്വ രഹിതമാണെന്നും ജ്ഞാനേന്ദ്ര പറഞ്ഞു. 

മന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ അവ അംഗീകരിക്കാനാവില്ലെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രംഗത്തെത്തിയിരുന്നു. പിന്നീട് ആഭ്യന്തരമന്ത്രി തന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചതായി അറിയിച്ചു. മൈസൂരു ബലാല്‍സംഗക്കേസില്‍ 6 പേര്‍ കസ്റ്റഡിയിലായതായാണ് വിവരം.