ബിജെപിക്ക് പിന്തുണ നല്‍കണമെന്ന് ഒരു വിഭാഗം ജെഡിഎസ് എംഎല്‍എമാര്‍; കര്‍ണാടകയില്‍ വീണ്ടും അടിയൊഴുക്കുകള്‍

കോണ്ഗ്രസുമായി സഖ്യത്തിലുണ്ടാക്കിയ സര്ക്കാര് വീണതിനു ശേഷം ജെഡിഎസില് പുതിയ പ്രതിസന്ധി.
 | 
ബിജെപിക്ക് പിന്തുണ നല്‍കണമെന്ന് ഒരു വിഭാഗം ജെഡിഎസ് എംഎല്‍എമാര്‍; കര്‍ണാടകയില്‍ വീണ്ടും അടിയൊഴുക്കുകള്‍

ബംഗളൂരു: കോണ്‍ഗ്രസുമായി സഖ്യത്തിലുണ്ടാക്കിയ സര്‍ക്കാര്‍ വീണതിനു ശേഷം ജെഡിഎസില്‍ പുതിയ പ്രതിസന്ധി. കര്‍ണാടകയില്‍ അധികാരത്തിലെത്തിയ ബിജെപിക്ക് പിന്തുണ കൊടുക്കണമെന്ന് ഒരു വിഭാഗം ജെഡിഎസ് എംഎല്‍എമാര്‍. ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി എച്ച്.ഡി.കുമാരസ്വാമി വിളിച്ചു ചേര്‍ത്ത നിയമസഭാകക്ഷി യോഗത്തിലാണ് എംഎല്‍എമാര്‍ ഈ ആവശ്യം ഉന്നയിച്ചത്.

സര്‍ക്കാരിനെ പുറത്തു നിന്ന് പിന്തുണക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. അതേസമയം ഒരു വിഭാഗം എംഎല്‍എമാര്‍ പ്രതിപക്ഷത്തിരിക്കണമെന്നും നേതൃത്വത്തോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കുമാരസ്വാമിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നാണ് യോഗശേഷം ജി.ടി.ദേവഗൗഡ മാധ്യമങ്ങളോട് പറഞ്ഞത്.

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെവീണതിന് പിന്നാലെ ബിജെപി നേതാവ് യെഡിയൂരപ്പ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. 29-ാം തിയതി സഭയില്‍ വിശ്വാസവോട്ട് തേടുമെന്നാണ് യെഡിയൂരപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. സഭയില്‍ ആവശ്യമായ ഭൂരിപക്ഷമില്ലാതെയാണ് സത്യപ്രതിജ്ഞയെന്നതും വിമത എംഎല്‍എമാരുടെ അയോഗ്യതാ വിഷയത്തില്‍ സ്പീക്കര്‍ എടുക്കുന്ന തീരുമാനവും ബിജെപിക്ക് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.