ഗാന്ധി ഘാതകന്‍ ദേശസ്‌നേഹിയെന്ന പരാമര്‍ശം; പ്രഗ്യാ സിങ് പരസ്യമായി മാപ്പു പറയണമെന്ന് ബിജെപി

ഭോപ്പാല്‍: ഗാന്ധി ഘാതകന് നാഥുറാം ഗോഡ്സെ ദേശസ്നേഹിയാണെന്ന പ്രഗ്യാ സിങ് താക്കൂറിന്റെ പരാമര്ശത്തില് വെട്ടിലായി ബിജെപി നേതൃത്വം. പ്രസ്താവന മൂലമുണ്ടായ ആഘാതം പരിഹരിക്കാന് ബിജെപി നടപടികള് തുടങ്ങി. ഇക്കാര്യത്തില്‍ പ്രഗ്യയോട് പാര്‍ട്ടി വിശദീകരണം ചോദിക്കുമെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു പറഞ്ഞു. പ്രഗ്യ പരസ്യമായി മാപ്പു പറയേണ്ടി വരുമെന്നും വക്താവ് പറഞ്ഞു.
ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു, രാജ്യസ്‌നേഹിയാണ്, രാജ്യസ്‌നേഹിയായി തുടരും. ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണമെന്നും അവര്‍ പറഞ്ഞു. ഹിന്ദുവായ ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് കമല്‍ ഹാസന്‍ പറഞ്ഞതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ബിജെപി സ്ഥാനാര്‍ത്ഥി ഇങ്ങനെ പറഞ്ഞത്.
ആറു പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിങ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷവും വിദ്വേഷ പ്രസ്താവനകള്‍ നടത്തി ഇവര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.