ഗോഡ്‌സെ തീവ്രവാദിയെന്ന പരാമര്‍ശം; കമല്‍ ഹാസനെതിരെ ബിജെപി

തന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം ഗോഡ്സെയാണെന്ന പരാമര്ശത്തില് കമല് ഹാസനെതിരെ തമിഴ്നാട് ബിജെപി ഘടകം
 | 
ഗോഡ്‌സെ തീവ്രവാദിയെന്ന പരാമര്‍ശം; കമല്‍ ഹാസനെതിരെ ബിജെപി

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം ഗോഡ്‌സെയാണെന്ന പരാമര്‍ശത്തില്‍ കമല്‍ ഹാസനെതിരെ തമിഴ്‌നാട് ബിജെപി ഘടകം. കമലിനെ അറസ്റ്റ് ചെയ്യണമെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടിയെടുക്കണമെന്നും ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കമല്‍ ഹാസന്‍ ശ്രമിക്കുന്നത്. ഉപതെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലത്തില്‍ മുസ്ലീം ന്യൂനപക്ഷ വോട്ടുകള്‍ നേടാനുള്ള തീക്കളിയാണ് ഇതെന്നും ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍ പറഞ്ഞു. കമല്‍ ഹാസന്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

കമല്‍ ഹാസന്‍ സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ രാഷ്ട്രീയത്തില്‍ അഭിനയിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. തന്റെ വിശ്വരൂപം എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യം വിടുമെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ യഥാര്‍ത്ഥ ഇന്ത്യക്കാരനെന്ന് വീമ്പിളക്കുന്നതെന്നും അവര്‍ പറഞ്ഞു.