കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവരെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനം; കര്‍ണാടകയില്‍ ഗൂഗിള്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു
ബിദാര്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകാന് ശ്രമിച്ചുവെന്നാരോപിച്ച് ഐടി വിദഗ്ദ്ധനെ ആള്ക്കൂട്ടം തല്ലിക്കൊന്നു. കര്ണാടകയിലെ ബിദാറിലാണ് സംഭവം. ഗൂഗിളില് ജീവനക്കാരനായ മുഹമ്മദ് അസം എന്ന 32കാരനാണ് കൊല്ലപ്പെട്ടത്. മൂന്ന് പേര്ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച സുഹൃത്തുക്കള്ക്കൊപ്പം കറങ്ങാനിറങ്ങിയതായിരുന്നു മുഹമ്മദ്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഖത്തര്‍ സ്വദേശി വഴിയരികില്‍ കണ്ട കുട്ടികള്‍ക്ക് മിഠായികള്‍ നല്‍കിയതോടെയാണ് പ്രദേശവാസികള്‍ കാര്‍ തടയുകയും സംഘത്തെ മര്‍ദ്ദിക്കുകയും ചെയ്തത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങള്‍ സജീവമാണെന്ന വാട്‌സാപ്പ് സന്ദേശങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
കാറിലെത്തിയവര്‍ കുട്ടികള്‍ക്ക് മിഠായി നല്‍കുന്നത് കണ്ട ഒരാള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ എത്തിയിട്ടുണ്ടെന്ന് വാട്‌സാപ്പില്‍ സന്ദേശമയക്കുകയും ഗ്രാമവാസികള്‍ ഇവരെ ആക്രമിക്കുകയുമായിരുന്നു. ഇവര്‍ കാറില്‍ കയറി രക്ഷപ്പെട്ടെങ്കിലും നിയന്ത്രണം വിട്ട കാര്‍ ഒരു കുഴിയിലേക്ക് മറിഞ്ഞു. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയവര്‍ ഇവരെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
നിരവധി പേര്‍ സ്ഥലത്ത് എത്തിയെങ്കിലും മര്‍ദ്ദനമേറ്റവരെ രക്ഷിക്കാന്‍ ആരും തയ്യാറായില്ല. പോലീസ് എത്തുമ്പോളേക്കും അസം കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ വാട്‌സാപ്പ് സന്ദേശം പ്രചരിച്ച ഗ്രൂപ്പിന്റെ അഡ്മിന്‍ ഉള്‍പ്പെടെ 32 പേര്‍ അറസ്റ്റിലായിട്ടുണ്ട്.