കഫീല്‍ ഖാന്റെ വെടിയേറ്റ സഹോദരന്റെ ശസ്ത്രക്രിയ പോലീസ് വൈകിപ്പിച്ചു; ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍
ലഖ്നൗ: ഡോ. കഫീല് ഖാന്റെ സഹോദരന്റെ ഓപ്പറേഷന് പോലീസ് തടഞ്ഞുവെച്ചതായി ബന്ധുക്കള്. അജ്ഞാതരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ കാഷിഫ് ജമീലിന്റെ ഓപ്പറേഷന് ഫോര്മാലിറ്റികള് പൂര്ത്തീകരിക്കാതെ നടത്താനാവില്ലെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം ബന്ധുക്കളാണ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള കാഷിഫിന്റെ ഓപ്പറേഷന് ഉടന് നടത്തണമെന്ന് ഡോക്ടര്മാര് ആവശ്യപ്പെട്ടങ്കിലും പോലീസ് അംഗീകരിച്ചില്ല.
ഇന്നലെ രാത്രി 10 മണിയോടെയാണ് കാഷിഫിന് വെടിയേല്‍ക്കുന്നത്. ബൈക്കിലെത്തിയ ഗുണ്ടാസംഘം കാഫിലിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഓപ്പറേഷന്‍ നടത്താന്‍ കഴിയില്ലെന്ന് പോലീസുകാര്‍ പറഞ്ഞു. ഗോരഖ്‌നാഥ് ക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.
മൂന്ന് മണിക്കൂറോളമാണ് ബുള്ളറ്റ് തറച്ചുകയറിയ ശരീരവുമായി എന്റെ സഹോദരന്‍ കിടന്നത്. ഡോക്ടര്‍മാരുടെ സംഘം ഓപ്പറേഷന്‍ നടത്താന്‍ വേണ്ടി കാത്തിരുന്നിട്ടും കാഷിഫിനെ ഓപ്പറേഷന്‍ തിയേറ്ററിലെത്തിക്കാന്‍ പൊലീസ് സമ്മതിച്ചില്ല. ചില ഫോര്‍മാറ്റിലിറ്റികള്‍ ചെയ്തുതീര്‍ക്കാന്‍ ഉണ്ടെന്നായിരുന്നു പൊലീസ് പറഞ്ഞതെന്ന് കഫീല്‍ ഖാന്റെ മറ്റൊരു സഹോദരനായ അദീല്‍ ഖാന്‍ പറയുന്നു.
പോലീസ് ആര്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് മനസിലാവുന്നില്ലെന്ന് കഫീല്‍ ഖാന്‍ പ്രതികരിച്ചു. കാഷിഫ് അപകടനില തരണം ചെയ്തിട്ടുണ്ട്.