കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടിലെത്തും; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേന്ദ്ര ബജറ്റ്
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് 6000 രൂപ വീതം അക്കൗണ്ടില് നല്കുമെന്ന് പ്രഖ്യാപനം. പിയൂഷ് ഗോയല് അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇടക്കാല കേന്ദ്ര ബജറ്റിലാണ് ഈ പ്രഖ്യാപനം. രണ്ട് ഹെക്ടറില് താഴെ ഭൂമിയുള്ള ചെറുകിട കര്ഷകര്ക്ക് പ്രതിവര്ഷം 6000 രൂപ വീതം നല്കുമെന്നാണ് വാഗ്ദാനം. 12 കോടി കുടുംബങ്ങള് ഗുണഭോക്താക്കളാകുന്ന പദ്ധതി പ്രധാനമന്ത്രി കിസാന് സമ്മാന് നിധി എന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
75,000 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. മൂന്നു ഗഡുക്കളായി തുക കര്‍ഷകര്‍ക്ക് നല്‍കുമെന്നും ബജറ്റ് പ്രസംഗത്തില്‍ പിയൂഷ് ഗോയല്‍ പറഞ്ഞു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം പറയുന്നത്. അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണ് ഇതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകാനുള്ള പ്രധാന കാരണം കര്‍ഷകരുടെ രോഷമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങളും നടന്നിരുന്നു. ഇതാണ് ബജറ്റില്‍ കാര്‍ഷിക മേഖലയക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.