33 ഉത്പന്നങ്ങളുടെ ജി.എസ്.ടി നിരക്കുകള് കുറയ്ക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: 33 ഉത്പന്നങ്ങളുടെ ജി.എസ്.ടി നിരക്കുകള് കുറയ്ക്കാന് കൗണ്സില് തീരുമാനം. ശനിയാഴ്ച ചേര്ന്ന ജിഎസ്ടി കൗണ്സില് യോഗത്തിന്റേതാണ് തീരുമാനം. നിത്യോപയോഗ സാധനങ്ങള് ഉള്പ്പെടെയുള്ളവയുടെ നിരക്ക് കുറയുമെന്നാണ് വിവരം. 26 ഉത്പന്നങ്ങളുടെ ജിഎസ്ടി 18ല് നിന്ന് 12ഉം അഞ്ചും ശതമാനമാക്കി വെട്ടിക്കുറച്ചപ്പോള് ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28ല് നിന്ന് 18 ആക്കിയും കുറച്ചു.
നേരത്തെ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അധിക ജി.എസ്.ടി ഏര്‍പ്പെടുത്തിയത് കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജി.എസ്.ടി നിരക്കുകള് കുറയ്ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായേക്കുമെന്നും സൂചനകളുണ്ടായിരുന്നു.
എല്ലാ ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി നിരക്ക് 18 ശതമാനവും താഴെയുമാക്കി കുറക്കണമെന്ന് കോണ്‍ഗ്രസ് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരിന്നു. എന്നാല്‍ ഇത് പൂര്‍ണമായും അംഗീകരിക്കാന്‍ കൗണ്‍സില്‍ തയ്യാറായില്ല. യോഗം തുടരുകയാണ്.