ശബരിമല ദര്ശനം നടത്തിയ യുവതികള്ക്ക് പിന്തുണയുമായി ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: ശബരിമല ദര്ശനം നടത്തിയ യുവതികള്ക്ക് പിന്തുണയുമായി ബി.ജെ.പി എം.പി ഉദിത് രാജ് രംഗത്ത്. യുവതികള് ശബരിമലയില് ദര്ശനം നടത്തിയതില് തനിക്ക് സന്തോഷമുണ്ടെന്നും പ്രതിഷേധവും വിവാദവും ഖേദകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പേരെടുത്ത് പറയാതെയായിരുന്നു എം.പിയുടെ പ്രസ്താവന. ശബരിമല വിഷയത്തില് സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്നത് ബി.ജെ.പി നേതാക്കളാണ്. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം ഒന്നും പ്രതികരിച്ചില്ല.
യുവതികള്‍ അയ്യപ്പ ദര്‍ശനം നടത്തിയതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. അതിനെതിരെയുള്ള പ്രതിഷേധവും വിവാദവും ഖേദകരമാണ്. എല്ലാ പുരുഷന്‍മാരും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ചവരാണ്. സതി, സ്ത്രീധനം പോലെ തന്നെയുള്ള ആചാരമായി മാത്രമേ ശബരിമലയില്‍ യുവതീപ്രവേശനം നിഷേധിക്കുന്നതിനെ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവും പട്ടികജാതി-വര്‍ഗ കോണ്‍ഫെഡറേഷന്റെ അഖിലേന്ത്യാ ചെയര്‍മാനും കൂടിയാണ് ഉദിത് രാജ്.
അതേസമയം സംസ്ഥാനത്ത് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രക്ഷോഭം പലയിടത്തും അക്രമാസക്തമായി. സെക്രട്ടേറിയേറ്റിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധം സി.പി.എം പ്രവര്‍ത്തകരുമായി അടിപിടിക്ക് കാരണമായി. മാവേലിക്കര, കൊല്ലം, കോഴിക്കോട് എന്നി ജില്ലകളിലും ബി.ജെ.പി സമരം അക്രമാസക്തമായിട്ടുണ്ട്.