ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരിയെ വെടിവെച്ചു കൊലപ്പെടുത്തി

ഹരിയാനയിലെ കോണ്ഗ്രസ് വക്താവ് വികാസ് ചൗധരി വെടിയേറ്റു മരിച്ചു.
 | 
ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരിയെ വെടിവെച്ചു കൊലപ്പെടുത്തി

ഫരീദാബാദ്: ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി വെടിയേറ്റു മരിച്ചു. രാവിലെ ജിമ്മില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ രണ്ടു പേര്‍ എത്തി നിറയൊഴിക്കുകയായിരുന്നു. കാറിലെത്തിയ രണ്ടു പേരാണ് ചൗധരിയെ വെടിവെച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. ഇവര്‍ ചൗധരിക്കു നേരെ ഒന്നിലേറെത്തവണ വെടിവെച്ചു.

ചൗധരി എത്തിയ എസ് യു വിയുടെ ഇരു വശങ്ങളിലൂടെ ഇവര്‍ ആക്രമണം നടത്തുകയായിരുന്നു. ഒരാള്‍ വിന്‍ഡ് ഷീല്‍ഡിലൂടെ നിറയൊഴിച്ചപ്പോള്‍ അടുത്തയാള്‍ ഡ്രൈവറുടെ ഡോറിനോട് ചേര്‍ന്ന് നിന്ന് വെടിവെക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ജിമ്മിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവത്തെ ഹരിയാന കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് തന്‍വാര്‍ അപലപിച്ചു. പ്രദേശത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പീഡനശ്രമം എതിര്‍ത്ത യുവതിക്ക് കഴിഞ്ഞ ദിവസം കുത്തേറ്റിരുന്നു. ജംഗിള്‍ രാജാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും നിയമത്തെ ആരും ഭയക്കുന്നില്ലെന്നും തന്‍വാര്‍ കുറ്റപ്പെടുത്തി.