രാഹുലിന് പ്രധാനമന്ത്രിയാകാനുള്ള പക്വത കൈവന്നു കഴിഞ്ഞു; പൂര്‍ണ പിന്തുണ നല്‍കുമെന്ന് എച്ച്.ഡി ദേവഗൗഡ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല് ഗാന്ധി പരിഗണിക്കപ്പെട്ടാല് പൂര്ണ പിന്തുണ നല്കുമെന്ന് ജനതാദള് സെക്കുലര് അധ്യക്ഷന് എച്ച്.ഡി ദേവഗൗഡ. രാഷ്ട്രീയമായി പക്വത നേടിയ നേതാവാണ് രാഹുല്. രാജ്യത്തെ വളര്ന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതാക്കളില് പ്രമുഖ വ്യക്തിത്വമാണ് അദ്ദേഹം. അധ്യക്ഷ പദവിയില് എത്തിയ ശേഷം അദ്ദേഹം കൂടുതല് പര്യാപ്തതയും അനുഭവജ്ഞാനവും നേടിയിരിക്കുന്നു. സഖ്യകക്ഷിയെന്ന നിലയില് രാഹുലിനെ അടുത്ത പ്രധാനമന്ത്രിയായി പിന്തുണക്കുന്നതില് യാതൊരു ആശങ്കയുമില്ല. രാഹുല് ഗാന്ധിയാണ് പ്രധാനമന്ത്രിയായി വരേണ്ടത്- ദേവഗൗഡ വ്യക്തമാക്കി.
നേരത്തെ കര്‍ണാടകയിലെ സഖ്യത്തിന് ശേഷം കോണ്‍ഗ്രസിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്കുമെന്ന് ജനതാദള് സെക്കുലര്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ണാടകയില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ജനതാദള്‍ സെക്കുലറുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതുവരെ മൂന്നിലൊന്ന് സീറ്റുകളാണ് ജനതാദള്‍ എസിന് നല്‍കിയിരുന്നത്. 28 ലോക്‌സഭാ സീറ്റുകളില്‍ 10 എണ്ണത്തില്‍ മത്സരിച്ചിരുന്നുവെന്നും അത് തുടരുമെന്ന പ്രതീക്ഷയിലാണെന്നും ദേവഗൗഡ അറിയിച്ചു.
അതേസമയം വാക്കുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്നും ദേവഗൗഡ ഓര്‍മ്മിപ്പിച്ചു. വികാരത്തിന് അടിമപ്പെട്ട് സംസാരിക്കുന്നത് നിയന്ത്രിക്കണമെന്നാണ് യുവനേതാവായ അദ്ദേഹത്തോട് പറയാനുള്ളത്. പ്രധാനമന്ത്രിയെ ‘കള്ളന്‍’ എന്നു വിളിക്കുന്നത്, ആ പദവിയെ അധിക്ഷേപിക്കുന്നത് പോലെയാണ്. നരേന്ദ്ര മോദി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിമാത്രമല്ല, അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി കൂടിയാണ്. അതിനാല്‍ രാഹുല്‍ ഭാഷപ്രയോഗത്തില്‍ കൂടുതല്‍ ക്ഷമ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.