സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ഉടന്‍ നല്‍കും; എംപിമാര്‍ക്ക് ഉറപ്പു നല്‍കി കേന്ദ്രമന്ത്രി.

സംസ്ഥാനത്തിന് കൂടുതല് വാക്സിന് ഉടന് നല്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്സുഖ് മാണ്ഡവ്യ.
 | 
സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ഉടന്‍ നല്‍കും; എംപിമാര്‍ക്ക് ഉറപ്പു നല്‍കി കേന്ദ്രമന്ത്രി.

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന്‍ ഉടന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. വാക്സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് എം.പിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം എം.പിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ആരോഗ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. എം.പിമാരായ ബിനോയ് വിശ്വം, എം.വി.ശ്രേയാംസ്‌കുമാര്‍, സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, വി.ശിവദാസന്‍, എ.എം ആരിഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മികച്ച രീതിയില്‍ കൊവിഡ് വാക്സിനേഷന്‍ നടത്തിവരുന്ന സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. ഊഴമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുമ്പോള്‍ കേരളത്തിന് പ്രാമുഖ്യവും പ്രത്യേക പരിഗണനയും നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന് കൂടുതല്‍ ഡോസ് വാക്സിന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റിനകം കേരളത്തിന് 60 ലക്ഷം ഡോസ് വാക്സിന്‍ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

മൂന്നാംതരംഗ ഭീഷണി നിലനില്‍ക്കേ പരമാവധി ആളുകള്‍ക്ക് ഒരു ഡോസ് വാക്സിന്‍ എങ്കിലും നല്‍കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.