മോശമായി പെരുമാറി, ‘കര്‍മ്മം തലയിലേറ്റി’ കൊല്ലപ്പെട്ടു; ഹേമന്ത് കാര്‍ക്കരെയെ അപമാനിച്ച് പ്രഗ്യാ സിംഗ് ഠാക്കൂര്‍

തന്റെ ബി.ജെ.പി പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച കാര്ക്കരെയെ പ്രഗ്യ അപമാനിച്ചത്.
 | 
മോശമായി പെരുമാറി, ‘കര്‍മ്മം തലയിലേറ്റി’ കൊല്ലപ്പെട്ടു; ഹേമന്ത് കാര്‍ക്കരെയെ അപമാനിച്ച് പ്രഗ്യാ സിംഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി: രാജ്യത്തെ വിറപ്പിച്ച മൂംബൈ 26/11 ഭീകാരക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥനായ ഹേമന്ത് കാര്‍ക്കരെയെ അപമാനിച്ച് ബി.ജെ.പി നേതാവ് പ്രഗ്യാ സിങ് ഠാക്കൂര്‍. മലേഗാവ് സ്‌ഫോടനകേസില്‍ അറസ്റ്റിലായ സമയത്ത് തന്നോട് കാര്‍ക്കരെ മോശമായിട്ടാണ് പെരുമാറിയത്. ഹേമന്ത് കര്‍ക്കരെ ചെയ്ത പ്രവര്‍ത്തിയുടെ ഫലമാണ് അദ്ദേഹം അനുഭവിച്ചതെന്നും പ്രഗ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞു. തന്റെ ബി.ജെ.പി പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച കാര്‍ക്കരെയെ പ്രഗ്യ അപമാനിച്ചത്.

താന്‍ ജയിലിലായത് മുതല്‍ കര്‍ക്കരെയുടെ കഷ്ടക്കാലം തുടങ്ങുയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. 2008ലാണ് രാജ്യത്തെ നടുക്കിയ കാവിഭീകരാക്രമണം ഉണ്ടാവുന്നത്. സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 80ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവലതുപക്ഷ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്. ആദ്യഘട്ടത്തില്‍ മുസ്ലിം ഭീകരസംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു വിലയിരുത്തല്‍.

എന്നാല്‍ അന്നത്തെ മൂംബൈ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവനായിരുന്നു കാര്‍ക്കരെ അന്വേഷണം ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കേസില്‍ പ്രഗ്യാ സിംഗ് ഉള്‍പ്പെടെ നിരവധി വലത് തീവ്ര ദേശീയ സ്വഭാവക്കാര്‍ക്ക് പങ്കുള്ളതായി കാര്‍ക്കരെ കണ്ടെത്തി. പ്രഗ്യ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ബോംബ് സ്‌ഫോടനത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ഹിന്ദുത്വ തീവ്രവാദികളാണെന്ന് കാര്‍ക്കരെ കോടതിയെ അറിയിച്ചു. കേസില്‍ പ്രഗ്യ ഇപ്പോള്‍ ജാമ്യത്തിന്റെ ആനുകൂല്യത്തിലാണ് പുറത്ത് കഴിയുന്നത്.