ഗാന്ധിവധം പുനരാവിഷ്‌കരിച്ച ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാറിയേഴ്‌സ്

മഹാത്മാ ഗാന്ധിയുടെ കോലത്തില്‍ നിറയൊഴിച്ച ശേഷം തീകൊളുത്തിയ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ വെബ്സൈറ്റ് പൂട്ടിച്ച് കേരള സൈബര് വാരിയേഴ്സ്. ഹിന്ദു മഹാസഭ മുര്ദ്ദാബാദ് എന്ന മുദ്രാവാക്യവും ഗാന്ധി വചനങ്ങളുമാണ് ഇപ്പോള് സൈറ്റില് കാണാന് കഴിയുന്നത്. സൈറ്റ് കേരള സൈബര് വാരിയേഴ്സ് ഹാക്ക് ചെയ്തുവെന്ന സന്ദേശവും കാണാം.
ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയാണ് മഹാത്മാ ഗാന്ധിയുടെ കോലത്തിലേക്ക് വെടിവെച്ചത്. കോലത്തില്‍ നിന്ന് പ്രതീകാത്മകമായി രക്തമൊഴുക്കുകയും ചെയ്തിരുന്നു. അലിഗഡ് ഗാന്ധി പാര്‍ക്കിലുള്ള ഓഫീസില്‍ വെച്ചായിരുന്നു ഹിന്ദു മഹാസഭ മഹാത്മാ ഗാന്ധിയെ അപമാനിച്ചത്. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ശൗര്യ ദിവസ് എന്ന പേരിലാണ് ഹിന്ദുമഹാസഭ ആചരിക്കുന്നത്.

മുമ്പ് ഗോഡ്‌സെയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയും മാല ചാര്‍ത്തിയുമൊക്കെ ഹിന്ദുമഹാസഭ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രകോപനം സൃഷ്ടിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഹിന്ദുമഹാസഭയുടെ പ്രവൃത്തിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തു. ഈ പ്രവൃത്തിയെ അപലപിക്കാത്ത സംഘപരിവാറിനെതിരെയും സോഷ്യല്‍ മീഡിയ രോഷം കൊള്ളുന്നു.