രാജ്യസഭയില്‍ ശൂന്യവേള മാറ്റി; അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം

കാശ്മീര് വിഷയത്തില് നിയമനിര്മാണത്തിന് നീക്കം. രാജ്യസഭയില് രാവിലെ 11 മണിക്കുള്ള ശൂന്യവേള മാറ്റിവെച്ചു.
 | 
രാജ്യസഭയില്‍ ശൂന്യവേള മാറ്റി; അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം

ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ നിയമനിര്‍മാണത്തിന് നീക്കം. രാജ്യസഭയില്‍ രാവിലെ 11 മണിക്കുള്ള ശൂന്യവേള മാറ്റിവെച്ചു. രാജ്യസഭാ ചെയര്‍മാനാണ് ഇക്കാര്യം അറിയിച്ചത്. 11 മണിക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രസ്താവന നടത്തും. പിന്നാലെ ലോക്‌സഭയിലും പ്രസ്താവനയുണ്ടാകും. രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലെ തീരുമാനം അമിത് ഷാ പാര്‍ലമെന്റിനെ അറിയിക്കും.

ഇരു സഭകളിലും കാശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. രാജ്യസഭയില്‍ സിപിഎം എംപിമാരായ എളമരം കരീം, കെ.കെ.രാഗേഷ് എന്നിവരാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പിഡിപി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളും നോട്ടീസ് നല്‍കിയിട്ടുണ്ട്. കാശ്മീരില്‍ ദിവസങ്ങളായി സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം എടുത്ത് കളയുമെന്നാണ് സൂചന.

ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ ശ്രീനഗറില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കാശ്മീര്‍ താഴ്‌വരയിലും രജൗറി, ഉധംപൂര്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല.

കാശ്മീരില്‍ ഇന്ന് നിര്‍ണായക തീരുമാനം വന്നേക്കാമെന്നാണ് സൂചന. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. അറസ്റ്റിലായെന്ന് അറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.