ബ്രിട്ടീഷ് പൗരത്വ വിവാദം; രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്

പൗരത്വം സംബന്ധിച്ച വിശദാംശങ്ങള് രണ്ടാഴ്ചക്കുള്ളില് നല്കണമെന്നാണ് നോട്ടീസില് ആവശ്യപ്പെട്ടിരിക്കുന്നത്.
 | 
ബ്രിട്ടീഷ് പൗരത്വ വിവാദം; രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. പൗരത്വം സംബന്ധിച്ച വിശദാംശങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

രാഹുല്‍ ഗാന്ധി ഡയറക്ടറായി ബാകോപ്‌സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി 2003ല്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പരാതിയില്‍ പറയുന്നത്. രാഹുല്‍ ആണ് കമ്പനിയുടെ സെക്രട്ടറിയെന്നും 2005 ഒക്ടോബര്‍ 10, 2006 ഒക്ടോബര്‍ 31 കാലയളവില്‍ വാര്‍ഷിക നികുതി അടച്ചപ്പോള്‍ രാഹുല്‍ 1970 ജൂണ്‍ 19നാണ് ജനിച്ചതെന്നും ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.

2009ല്‍ നല്‍കിയ പിരിച്ചുവിടല്‍ അപേക്ഷയിലും രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാട്ടിയിട്ടുണ്ടെന്നും നോട്ടീസില്‍ പരാതി ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയം പറയുന്നു. 2015ല്‍ ഈ ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തിയിരുന്നു. എങ്കില്‍ തെളിവുകള്‍ ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചിരുന്നു.