ഗുര്‍മീത് റാം റഹിമിന്റെ ദത്തുപുത്രി ഹണിപ്രീത് അറസ്റ്റില്‍
പഞ്ച്കുള: ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്ദൈവം ഗുര്മീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രിയെന്ന് അറിയപ്പെട്ടിരുന്ന ഹണിപ്രീത് ഇന്സാന് അറസ്റ്റിലായി. ഹരിയാനയില് കോടതിയില് കീഴടങ്ങിയതിനു ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഗുര്മീതിന് ശിക്ഷ ലഭിച്ചതിനു ശേഷം ഒളിവില് പോയ ഇവരെ പോലീസ് അന്വേഷിക്കുകയായിരുന്നു.
ശിക്ഷാവിധിക്കു ശേഷം ഗുര്‍മീതിനെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന കേസും രാജ്യദ്രോഹക്കുറ്റവുമാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേര സച്ച സൗദ അനുയായികള്‍ക്ക് കലാപത്തിനുള്ള ആഹ്വാനം നല്‍കിയെന്ന കേസും ഇവര്‍ക്കെതിരെയുണ്ട്. ഗുര്‍മീതിന്റെ ശിക്ഷാവിധി പുറത്തു വന്നതിനു ശേഷം ആരംഭിച്ച കലാപങ്ങളില്‍ 38 പേര്‍ മരിച്ചിരുന്നു.
ഗുര്‍മീതിനെ ജയിലിലേക്ക് കൊണ്ടുപോയ ഹെലികോപ്റ്ററില്‍ ഇവരും ഉണ്ടായിരുന്നു. അന്ന് തന്നെ ഒളിവില്‍ പോയ ഇവര്‍ പിന്നീട് ഇന്നാണ് കോടതിക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ പിതാവും പുത്രിയുമായുള്ള ബന്ധമാണെന്നാണ് പ്രചാരണമെങ്കിലും അങ്ങനെയല്ലെന്നാണ് ഇവരുടെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ആരോപിക്കുന്നത്.