ഉത്സവത്തിന് മനുഷ്യന്റെ തലയുമായി ‘സ്വാമിയാട്ടം’, പിന്നീട് ഭക്ഷിച്ചു; 10 പേര്‍ക്കെതിരെ കേസ്

ഉത്സവത്തിന്റെ ഭാഗമായി മനുഷ്യന്റെ വെട്ടിയെടുത്ത തല പ്രദര്ശിപ്പിക്കുകയും ഭക്ഷിക്കുകയും ചെയ്ത സംഭവത്തില് കേസെടുത്ത് പൊലീസ്.
 | 
ഉത്സവത്തിന് മനുഷ്യന്റെ തലയുമായി ‘സ്വാമിയാട്ടം’, പിന്നീട് ഭക്ഷിച്ചു; 10 പേര്‍ക്കെതിരെ കേസ്

കൊല്ലം: ഉത്സവത്തിന്റെ ഭാഗമായി മനുഷ്യന്റെ വെട്ടിയെടുത്ത തല പ്രദര്‍ശിപ്പിക്കുകയും ഭക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തമിഴ്നാട് തെങ്കാശിയിലെ ക്ഷേത്രത്തിലാണ് ഞെട്ടിക്കുന്ന സംഭവം. നാല് പൂജാരിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഉത്സവത്തിന്റെ ഭാഗമായുള്ള ‘സ്വാമിയാട്ട’ വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. പാവൂര്‍സത്രം കല്ലുരണി ഗ്രാമത്തിലെ കാട്ടുകോവില്‍ എന്നറിയപ്പെടുന്ന ശക്തിപോതി സുഡലൈ മാടസ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ശക്തിമാട സ്വാമി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാലുപേര്‍ ചേര്‍ന്ന് മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ ചിലര്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണു സംഭവം വിവാദമായത്. പൂജാരിമാരെ കൂടാതെ ഉത്സവ സംഘാടകരായ ആറുപേര്‍ക്കെതിരെയും കേസെടുത്തതായി പൊലീസ് സൂപ്രണ്ട് ആര്‍.കൃഷ്ണരാജ് പറഞ്ഞു.

ആരുടെ മൃതദേഹമാണ് പൂജാരിമാര്‍ ഭക്ഷിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പകുതി കത്തിക്കരിഞ്ഞ മനുഷ്യശരീരം ഏതെങ്കിലും ഗ്രാമത്തിലെ ശ്മശാനത്തില്‍ നിന്ന് കൊണ്ടുവന്നതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിലെ ചില പൂജാരിമാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായും പൊലീസ് അറിയിച്ചു.

2019ലും ഇവിടെ സമാനസംഭവം ഉണ്ടായിരുന്നു. ഇതേ ക്ഷേത്രത്തിലെ സ്വാമിയാടികള്‍ ഒരു മൃതദേഹത്തിന്റെ തലയും കൈയും എടുത്തു കൊണ്ടുവന്നിരുന്നു. ഇതിന്റെ വീഡിയോയും അന്ന് വൈറലായിരുന്നു. ജില്ലയിലെ മറ്റ് സുടലെ മാടസാമി ക്ഷേത്രങ്ങളിലെ സ്വാമിയാടികള്‍ ഉത്സവകാലങ്ങളില്‍ രാത്രി പുറത്തുപോവാറുണ്ടെന്നും ശ്മശാനങ്ങളില്‍ നിന്നു മൃതദേഹവുമായിട്ടാണ് മടങ്ങാറുള്ളതെന്നും നാട്ടുകാര്‍ പറയുന്നു.