യൂട്യൂബ് നോക്കി ഭര്‍ത്താവ് പ്രസവമെടുത്തു; കുഞ്ഞ് മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍
യൂട്യൂബ് നോക്കി ഭാര്യയുടെ പ്രസവമെടുക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ റാണിപെട്ടിലാണ് സംഭവമുണ്ടായത്. ഗോമതിയെന്ന 28 കാരിയാണ് വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരുടെ ആദ്യ പ്രസവമായിരുന്നു ഇത്.
യൂട്യൂബ് വീഡിയോകള്‍ നോക്കി ഭര്‍ത്താവ് ലോകനാഥന്‍ തന്നെ പ്രസവമെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സഹോദരി ഗീതയുടെ സഹായവും ഇതിനായി ലോകനാഥന്‍ തേടിയിരുന്നു. പ്രസവത്തിനിടെ അമിത രക്തസ്രാവമുണ്ടാകുകയും ഗോമതി അബോധാവസ്ഥയിലാകുകയും ചെയ്തു. ഇതോടെ ഗോമതിയെ പുന്നൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ ലോകനാഥനെതിരെ പ്രാഥമികാരോഗ്യ കേന്ദ്രം പരാതി നല്‍കി. വൈദ്യസഹായം തേടാതെ പ്രസവം നടത്താന്‍ ശ്രമിച്ചുവെന്നാണ് ഇയാള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്നത്. ഒരു വര്‍ഷം മുന്‍പായിരുന്നു ലോകനാഥന്റെയും ഗോമതിയുടെയും വിവാഹം.