ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനം; വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി പ്രഗ്യാ സിംഗ്

ന്യൂഡല്‍ഹി: രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ ഹേമന്ത് കര്ക്കരെയ്ക്കെതിരെ നടത്തിയ വിദ്വേഷ പരാമര്ശത്തിന് ചൂടാറും മുന്പ് മറ്റൊരു വിവാദത്തിന് തിരികൊളുത്തി ബി.ജെ.പി സ്ഥാനാര്ത്ഥിയും മലേഗാവ് സ്ഫോടന കേസ് പ്രതിയുമായി പ്രഗ്യാ സിംഗ് ഠാക്കൂര്. ബാബരി മസ്ജിദ് തകര്‍ത്തില്‍ അഭിമാനിക്കുന്നതായും ഇക്കാര്യത്തില്‍ ഒരിക്കല്‍ പോലും പശ്ചാത്താപം തോന്നിയിട്ടില്ലെന്നും പ്രഗ്യാ സിംഗ് ആജ് തക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ കാവി ഭീകരാക്രമണക്കേസിലെ പ്രതിയായ പ്രഗ്യാ സിംഗ് ഠാക്കൂഖിന് ബി.ജെ.പി സീറ്റ് നല്‍കിയത് നേരത്തെ വിവാദമായിരുന്നു. പിന്നാലെയാണ് വിദ്വേഷ പരമാര്‍ശങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ പശ്ചാത്തപിക്കേണ്ടതായി ഒന്നും തന്നെയില്ല. ഇക്കാര്യത്തില്‍ അഭിമാനം മാത്രമാണുള്ളതെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നോക്കൂ, അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റം കുറച്ച് മാലിന്യം നിലനിന്നിരുന്നു. ഞങ്ങള്‍ അത് നീക്കം ചെയ്തു. അത്രമാത്രമെ സംഭവിച്ചുള്ളു. ഇന്ത്യയില്‍ അല്ലാതെ എവിടെയാണ് രാമക്ഷേത്രം നിര്‍മ്മിക്കേണ്ടത്. ഞങ്ങള്‍ രാമക്ഷത്രം നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്നും പ്രഗ്യാ സിംഗ് ഠാക്കൂര്‍ അഭിമുഖത്തില്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെയും പ്രഗ്യാ വിമര്‍ശനം ഉന്നയിച്ചു. നമ്മുടെ ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അവയൊന്നും സുരക്ഷതിമല്ലെന്നും പ്രഗ്യാ പറഞ്ഞു.
അതേസമയം ഹേമന്ത് കര്‍ക്കറയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രഗ്യ സിംഗിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. വിഷയത്തില്‍ തെര. കമ്മീഷന്‍ പ്രഗ്യയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. താന്‍ ജയിലിലായത് മുതല്‍ കര്‍ക്കരെയുടെ കഷ്ടക്കാലം തുടങ്ങുയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. മലേഗാവ് സ്ഫോടന കേസില്‍ പ്രഗ്യയുടെ പങ്ക് കണ്ടെത്തിയ ഉദ്യോഗസ്ഥനായിരുന്നു ഹേമന്ത് കര്‍ക്കരെ. പ്രഗ്യ അറസ്റ്റിലാവുകയും ചെയ്തിരുന്നു.