ബുദ്ധിജീവികളെ വെടിവെച്ചു കൊല്ലും; അവര്‍ രാജ്യത്തിന് വെല്ലുവിളി; വിവാദ പ്രസ്താവനയുമായി ബിജെപി എം.എല്‍എ
ബംഗളൂരു: രാജ്യത്തുള്ള ബുദ്ധിജീവികളെ വെടിവെച്ചു കൊല്ലുമെന്ന് ബിജെപി എം.എല്.എ. കര്ണാടകയിലെ വിജയപുരയില് നിന്നുള്ള ബിജെപി എം.എല്.എ ബസനഗൗഡ പാട്ടീല് യത്നലാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. താന് ആഭ്യന്തര മന്ത്രിയായാല് ബുദ്ധിജീവികളെ വെടിവച്ചു കൊല്ലാന് ഉത്തരവിടും. അവര് രാജ്യത്തിന് കടുത്ത ഭീഷണിയാണെന്നും എം.എല്.എ ആരോപിച്ചു.
ബുദ്ധിജീവി ചമയുന്നവര്‍ നികുതിപ്പണംകൊണ്ടുള്ള എല്ലാ സൗകര്യങ്ങളും രാജ്യത്ത് അനുഭവിക്കുന്നു. അതിനുശേഷം അവര്‍ സൈന്യത്തിനെതിരെ സംസാരിക്കുന്നു. ഇവര്‍ രാജ്യത്തിന് വലിയ ഭീഷണിയാണ്. രാജ്യം ഏറ്റവുമധികം അപകടങ്ങള്‍ നേരിടുന്നത് ഈ മതനിരപേക്ഷവാദികളില്‍ നിന്നും ബുദ്ധിജീവികളില്‍ നിന്നുമാണ്. കാര്‍ഗില്‍ സ്മരണ ദിവസുമായി ബന്ധപ്പെട്ട ചടങ്ങിനിടെയായിരുന്നു വിവാദ പരാമര്‍ശം.
പ്രസ്താവനയില്‍ പാട്ടീലിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുടെ യഥാര്‍ത്ഥ രാഷ്ട്രീയ മുഖമാണ് പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് നവമാധ്യമങ്ങള്‍ ചൂണ്ടികാണിക്കുന്നു. മുന്‍പ് മുസ്ലിങ്ങളെ സഹായിക്കുന്നത് നിര്‍ത്തലാക്കണമെന്ന് പ്രാദേശികപ്പാര്‍ട്ടിയുടെ മുനിസിപ്പല്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ വ്യക്തിയാണ് ഇയാള്‍. 2010ല്‍ ബിജെപി ഉപേക്ഷിച്ച് ജനതാളിനൊപ്പം ചേര്‍ന്ന യത്‌നാല്‍ പിന്നീട് പാര്‍ട്ടി സമ്മര്‍ദ്ദത്തിന് വഴങ്ങി തിരികെ വരികയായിരുന്നു.