രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞു; പുതിയ കോണ്‍ഗ്രസ് പ്രസിഡന്റ് ഒരാഴ്ചക്കുള്ളില്‍
ന്യൂഡല്‍ഹി: എഐസിസി പ്രസിഡന്റ സ്ഥാനം രാഹുല് ഗാന്ധി ഒഴിഞ്ഞു. പുതിയ അദ്ധ്യക്ഷനെ ഒരാഴ്ചക്കുള്ളില്‍ കണ്ടെത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജി പിന്‍വലിക്കില്ലെന്ന് രാഹുല്‍ അസന്ദിഗ്ദ്ധമായി അറിയിച്ചതോടെ ഇത് അംഗീകരിക്കുകയാണെന്ന സൂചനയാണ് എഐസിസി നല്‍കുന്നത്. ഇതോടെ ഗാന്ധി കുടുംബത്തിനു പുറത്തു നിന്നൊരാള്‍ മൂന്നാം തവണ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് ഉറപ്പായി.
അധികം താമസമില്ലാതെ പുതിയ പ്രസിഡന്റിനെ പാര്‍ട്ടി കണ്ടെത്തണമെന്നും ആ നടപടിക്രമങ്ങളില്‍ താന്‍ പങ്കെടുക്കുന്നില്ലെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ നേരത്തേ രാജി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ താന്‍ കോണ്‍ഗ്രസ് പ്രസിഡന്റല്ലെന്നും രാഹുല്‍ വ്യക്തമാക്കി. നേതാക്കള്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിട്ടും കോണ്‍ഗ്രസ് അധ്യക്ഷനായി തുടരാന്‍ കഴിയില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും പുതിയ നേതാവിനെ താമസമില്ലാതെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.