തത്കാല്‍ ടിക്കറ്റിലൂടെ നാല് വര്‍ഷത്തില്‍ റെയില്‍വേ നേടിയത് 25,000 കോടി രൂപ

അവസാന നിമിഷ യാത്രക്കാര് ആശ്രയിക്കുന്ന തത്കാല് ടിക്കറ്റിലൂടെ റെയില്വേ നേടിയത് വന് വരുമാനം.
 | 
തത്കാല്‍ ടിക്കറ്റിലൂടെ നാല് വര്‍ഷത്തില്‍ റെയില്‍വേ നേടിയത് 25,000 കോടി രൂപ

ന്യൂഡല്‍ഹി: അവസാന നിമിഷ യാത്രക്കാര്‍ ആശ്രയിക്കുന്ന തത്കാല്‍ ടിക്കറ്റിലൂടെ റെയില്‍വേ നേടിയത് വന്‍ വരുമാനം. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഈയിനത്തില്‍ 25,000 കോടി രൂപയുടെ വരുമാനമാണ് റെയില്‍വേയ്ക്ക് നേടാനായതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 2016നും 2019നുമിടയില്‍ തത്കാല്‍ ക്വോട്ട ടിക്കറ്റുകളിലൂടെ 21,530 കോടിയും തത്കാല്‍ പ്രീമിയം ടിക്കറ്റുകളിലൂടെ 3862 കോടിയുമാണ് റെയില്‍വേയുടെ വരുമാനം. 62 ശതമാനം റവന്യൂ വര്‍ദ്ധനവാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.

മധ്യപ്രദേശ് സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ ചന്ദ്രശേഖര്‍ ഗൗര്‍ ഉന്നയിച്ച വിവരാവകാശ ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്. 1997ലാണ് തത്കാല്‍ ടിക്കറ്റുകള്‍ റെയില്‍വേ അവതരിപ്പിച്ചത്. 2004ല്‍ ഇത് രാജ്യമൊട്ടാകെ വ്യാപിപ്പിച്ചു. നിലവില്‍ 2677 ട്രെയിനുകളില്‍ അവസാന നിമിഷ യാത്രക്കാര്‍ക്ക് ഈ ടിക്കറ്റുകള്‍ എടുക്കാന്‍ സാധിക്കും. സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 10 ശതമാനവും മറ്റ് ഉയര്‍ന്ന ക്ലാസുകളിലേക്ക് 30 ശതമാനവുമാണ് അധികമായി നല്‍കേണ്ടത്.

2014ലാണ് പ്രീമിയം തത്കാല്‍ ടിക്കറ്റുകള്‍ അവതരിപ്പിച്ചത്. തെരഞ്ഞെടുത്ത ട്രെയിനുകളില്‍ മാത്രമേ ഈ ടിക്കറ്റുകള്‍ ലഭിക്കൂ. ഈ സമ്പ്രദായത്തില്‍ 50 ശതമാനം ടിക്കറ്റുകളും ഡൈനാമിക് ഫെയര്‍ രീതിയിലാണ് നല്‍കുന്നത്. പ്രീമിയം തത്കാല്‍ സംവിധാനത്തില്‍ 2016-17 വര്‍ഷത്തെ വരുമാനം 6672 കോടിയായിരുന്നുവെങ്കില്‍ തൊട്ടടുത്ത വര്‍ഷം അത് 6915 കോടിയായി ഉയര്‍ന്നിട്ടുണ്ട്.