അഴിമതി ആരോപണത്തില് ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാന് സിബിഐക്ക് അനുമതി

ന്യൂഡല്‍ഹി: അഴിമതി ആരോപണത്തില് ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാന് സിബിഐക്ക് അനുമതി നല്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ്.എന്‍ ശുക്ലയ്ക്കെതിരെയാണ് അഴിമതിയാരോപണം ഉയര്‍ന്നത്. മെഡിക്കല്‍ പ്രവേശനത്തിന് സ്വകാര്യ മെഡിക്കല്‍ കോളേജുകളെ നിയമവിരുദ്ധമായി സഹായിച്ചു എന്നാണ് ആരോപണം.
സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനുള്ള സമയ പരിധി സുപ്രീം കോടതി ഉത്തരവ് മറികടന്ന് നീട്ടി നല്‍കിയെന്നാണ് കണ്ടെത്തിയത്. ഇതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നല്‍കിയിരിക്കുന്നത്. ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി ആവശ്യമായതിനാലാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.
2017ല്‍ ഉയര്‍ന്ന അഴിമതി ആരോപണത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതില്‍ അന്വേഷണത്തിന് സുപ്രീം കോടതി ജഡ്ജിമാരുടെ പാനല്‍ രൂപീകരിച്ചിരുന്നു. ആരോപണങ്ങള്‍ ശരിയാണെന്ന് പാനല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ശുക്ലയെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.