വീണ്ടും മണ്ടത്തരം; ട്രെയിനുകള്‍ പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് യാത്രക്കാര്‍ എത്തണമെന്ന് നിര്ദേശം വരുന്നു

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കായി ഇനി മുതല് യാത്രക്കാര് 20 മിനിറ്റ് മുമ്പ് സ്റ്റേഷനുകളില് എത്തണമെന്ന് നിര്ദേശം വരുന്നു. വിമാന യാത്രയുടെ മാതൃകയില് സുരക്ഷാ പരിശോധനകള് ഏര്പ്പെടുത്താനാണ് നടപടി. റെയില്വേ പ്രൊട്ടക്ഷന് ഫോഴ്സ് ഡയറക്ടര് ജനറല് അരുണ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തില് ഇത് ഉത്തര്പ്രദേശിലെ പ്രയാഗ്രാജ് (അലഹബാദ്) റെയില്വേ സ്റ്റേഷനില് നടപ്പാക്കിയിട്ടുണ്ട്.
ഈ മാസം നടക്കുന്ന കുംഭമേളയുടെ തിരക്ക് പരിഗണിച്ചാണ് ഈ സ്‌റ്റേഷന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കര്‍ണ്ണാടകയിലെ ഹൂബ്ലി ഉള്‍പ്പെടെ 202 സ്റ്റേഷനുകളില്‍ പദ്ധതി ഈ മാസം തന്നെ നടപ്പാക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും സുരക്ഷാ പരിശോധനകള്‍ നടത്തുക. സിസിടിവി ക്യാമറ, ബോംബുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനുമുള്ള സംവിധാനം, ലഗേജ് സ്‌കാനറുകള്‍, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയാണ് പരിശോധനയ്ക്കായി ഏര്‍പ്പെടുത്തുക.
സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം ആര്‍പിഎഫിന്റെ നിയന്ത്രണത്തിലായിരിക്കും. പ്രവേശനം ഒരു കവാടത്തിലൂടെയാക്കാന്‍ ശ്രമിക്കും. 2016ല്‍ അനുമതി ലഭിച്ച പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. കുറ്റവാളികളെ കണ്ടെത്തുന്നതിനായി ഫെയിസ് ഡിറ്റക്ഷന്‍ സംവിധാനവും ഒരുക്കും. സീസണ്‍ ടിക്കറ്റ് യാത്രികര്‍ ഉള്‍പ്പെടെയുള്ളവരായിരിക്കും ഈ പദ്ധതി നടപ്പായാല്‍ ഏറെ ബുദ്ധിമുട്ടുക.