ആദ്യ നൂറു ദിനങ്ങളില്‍ 46 പൊതുമേഖലാ സ്ഥാപനങ്ങള് അടച്ചുപൂട്ടുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യും; സൂചന നല്‍കി നിതി ആയോഗ്

ന്യൂഡല്‍ഹി: രണ്ടാം മോദി സര്ക്കാരിന്റെ ആദ്യ നൂറുദിനങ്ങളില് 46 പൊതുമേഖലാ സ്ഥാപനങ്ങള് അടച്ചുപൂട്ടുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യുമെന്ന് സൂചന. നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാറാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ ‘മഹാവിസ്‌ഫോടന’മാണ് നടക്കാനിരിക്കുന്നതെന്നാണ് നിതി ആയോഗ് അറിയിക്കുന്നത്. വിദേശ നിക്ഷേപകരെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിഷ്‌കാരങ്ങളായിരിക്കും നടപ്പില്‍ വരുത്തുന്നത്. തൊഴില്‍ നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍, സ്വകാര്യവത്കരണം, വ്യവസായ വികസനത്തിനായി ലാന്‍ഡ് ബാങ്കുകള്‍ രൂപീകരിക്കല്‍ മുതലായവയാണ് മോദി സര്‍ക്കാരിന്റെ പദ്ധതികളില്‍ ഉള്‍പ്പെടുന്നത്.
റോയിട്ടേഴ്‌സ് നടത്തിയ അഭിമുഖത്തിലാണ് രാജീവ് കുമാര്‍ ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്. വരുത്താനിരിക്കുന്ന പരിഷ്‌കാരങ്ങള്‍ വിദേശ നിക്ഷേപകര്‍ക്ക് സന്തോഷകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുമേഖലയിലുള്ള 42ലേറെ കമ്പനികള്‍ വരുന്ന മാസങ്ങളില്‍ അടച്ചുപൂട്ടുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഇന്ത്യയുടെ വില്‍പന എളുപ്പത്തിലാക്കുന്നതിനായി കമ്പനിയിലെ നേരിട്ടുള്ള നിക്ഷേപത്തിനുള്ള പരിധി എടുത്തു കളയും. പൊതുമേഖലാ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി സ്വയംഭരണാവകാശമുള്ള ഹോള്‍ഡിംഗ് കമ്പനി രൂപീകരിക്കും. ഇതിലൂടെ സ്ഥാപനങ്ങള്‍ വിറ്റഴിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള നൂലാമാലകള്‍ ഒഴിവാക്കും.
ജൂലൈയില്‍ ചേരുന്ന പുതിയ ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍തന്നെ തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതും. 44 കേന്ദ്ര നിയമങ്ങള്‍ യോജിപ്പിച്ച് നാല് കോഡുകളാക്കി മാറ്റാനാണ് നീക്കം. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുണ്ടാകുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള അധിക ഭൂമി ലാന്‍ഡ് ബാങ്കുകളാക്കി മാറ്റി വിദേശ നിക്ഷേപകര്‍ക്ക് ആവശ്യത്തിനനുസരിച്ച് അനുവദിക്കാനും പദ്ധതികള്‍ ഒരുങ്ങുന്നുണ്ട്.