ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആന്ധ്രയില്‍ പലയിടത്തും സംഘര്‍ഷം

പത്ത് സംസ്ഥാനങ്ങളിലെ 91 ലോക്സഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടേടുപ്പ് നടക്കുന്നത്.
 | 
ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആന്ധ്രയില്‍ പലയിടത്തും സംഘര്‍ഷം

അമരാവതി: രാജ്യത്ത് പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്ത് സംസ്ഥാനങ്ങളിലെ 91 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടേടുപ്പ് നടക്കുന്നത്. പശ്ചിമബംഗാള്‍-18.12%, മിസോറാം-17.5%, ചത്തീസ്ദഢ്-10.2%, മണിപ്പൂര്‍-15.6%, ലക്ഷദ്വീപ്-9.83%, തെലങ്കാന-10.6%, ആന്‍ഡമാന്‍ നിക്കോബാര്‍-5.83%, ആസാം-10.2%, അരുണാചല്‍ പ്രദേശ്-13.3%, നാഗാലാന്‍ഡ്-21% എന്നിങ്ങനെയാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള വോട്ടിംഗ് ശതമാനം. ഇന്ന് ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.

ആന്ധ്രാപ്രദേശ്-25, അരുണാചല്‍ പ്രദേശ്-2, ആസാം-5,ബീഹാര്‍-4, ചത്തീസ്ഗഢ്-1, ജമ്മു കശ്മീര്‍-2,മഹാരാഷ്ട്ര-7, മണിപ്പൂര്‍-1, മേഘാലയ-2, മിസോറാം-1, നാഗാലാന്‍ഡ്-1, ഒഡീഷ-4, സിക്കീം-1, തെലങ്കാന-17, ത്രിപുര-1, ഉത്തര്‍പ്രദേശ്-8,ഉത്തരാഖണ്ഡ്-5, പശ്ചിമബംഗാള്‍-2. കേന്ദ്രഭരണപ്രദേശങ്ങള്‍- ആന്‍ഡമാന്‍-1, ലക്ഷദ്വീപ്-1 എന്നിങ്ങനെയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളുടെ എണ്ണം.

ലോക്‌സഭാ-നിയമസഭാ വോട്ടെടുപ്പുകള്‍ ഒരുമിച്ചു നടക്കുന്ന ആന്ധ്രാപ്രദേശില്‍ വ്യാപകമായി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈ.എസ്.ആര്‍ കോണ്‍ഗ്രസും ടിഡിപിയുമാണ് ആന്ധ്രയിലെ പ്രമുഖ കക്ഷികള്‍. നേരത്തെ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇത് പ്രവര്‍ത്തകര്‍ ഏറ്റെടുത്തതോടെയാണ് പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് വലിയ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമായി വന്നാല്‍ കേന്ദ്ര സേനയും രംഗത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

വെസ്റ്റ് ഗോദാവരിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വൈഎസ് ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തേറ്റത്. കൂടാതെ രണ്ട് പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ചത്തീസ്ഗഢിലെ നാരായണ്‍പുറില്‍ പുലര്‍ച്ചെ പോളിംഗ് ബൂത്തിലേക്ക് പോയ പോളിംഗ് ഉദ്യോഗസ്ഥരുടേയും സുരക്ഷാസേനകളുടേയും സംഘം നക്‌സലുകളുമായി ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ ഏറ്റുമുട്ടല്‍ വോട്ടെടുപ്പിനെ ബാധിച്ചിട്ടില്ല. രാജ്യത്ത് തെരഞ്ഞെടുപ്പ് സമയത്ത് അക്രമ സംഭവങ്ങളുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.